വിളക്കിലെ കരി നീക്കി തുടങ്ങും: പാദസരത്തിന്റെ അഴുക്ക് കളയുമ്പോള്‍ കൂടുതല്‍ വിശ്വാസം: ഒടുക്കം സ്വര്‍ണം ലായനിയില്‍ മുക്കി സ്ഥലം വിടും: കലഞ്ഞൂരില്‍ നിരവധി വീട്ടമ്മമാരുടെ സ്വര്‍ണം അന്യസംസ്ഥാന സംഘം കൈക്കലാക്കി

0 second read
0
0

പത്തനംതിട്ട: തിളക്കം കൂട്ടാമെന്ന് പറഞ്ഞ് ലായനിയില്‍ മുക്കി
കലഞ്ഞൂരില്‍ നിരവധി വീട്ടമ്മമാര്‍ക്ക് സ്വര്‍ണവുമായി അന്യസംസ്ഥാന സംഘം കടന്നു. നിരവധി പേര്‍ തട്ടിപ്പിന് ഇരയായെങ്കിലും കൂടല്‍ പോലീസില്‍ പരാതി നല്‍കിയത് കലഞ്ഞൂര്‍ കാഞ്ഞിരം മുകള്‍ ശാന്തി ബിജു മാത്രമാണ്. ഒരു വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണ മാലലായനിയില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ഒമ്പതു ഗ്രാമായി.

ലായനി മാജിക്കിലൂടെ വീട്ടമ്മമാരുടെ വിശ്വാസമാര്‍ജിക്കുകയാണ് സംഘം ആദ്യം ചെയ്തത്. വീട്ടിലുള്ള ക്ലാവ് പിടിച്ചതും കരി പുരണ്ടതുമായ വിളക്കുകള്‍, ഉരുളികള്‍ എന്നിവ ഒരു രാസവസ്തു ഉപയോഗിച്ച് തേക്കുമ്പോള്‍ സ്വര്‍ണം പോലെ വെട്ടിത്തിളങ്ങി. അമ്പരന്നു നില്‍ക്കുന്ന വീട്ടമ്മമാരില്‍ നിന്ന് അഴുക്കും പൊടിയും പുരണ്ട വെള്ളിക്കൊലുസു പോലുളള ആഭരണങ്ങള്‍ വാങ്ങി കൈവശമുള്ള ഒരു ലായനിയില്‍ മുക്കും. മുങ്ങി നിവരുന്ന വെള്ളി കണ്ടാല്‍ സ്വര്‍ണം പോലും തോല്‍ക്കും. ഇതോടെ വീട്ടമ്മമാര്‍ക്ക് ഇവരില്‍ വിശ്വാസമാകും. ഇനിയാണ് കളി. ഒടുവില്‍ ചോദിക്കുന്നത് ഇവരുടെ കൈയിലുള്ള സ്വര്‍ണമാല, വള എന്നിവയാണ്. ഇത് ലായനിയില്‍ മുക്കുന്നതോടെ കരിക്കട്ട പോലെയാകും. സ്വര്‍ണത്തിലെ മാലിന്യം നശിച്ചുവെന്നും ഇത് പഴയതു പോലെയാകാന്‍ മഞ്ഞള്‍ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ ഒരു മണിക്കൂര്‍ മുക്കി വയ്ക്കാനും നിര്‍ദേശിച്ച് സംഘം മുങ്ങും.

ഒരു മണിക്കൂര്‍ കഴിഞ്ഞു നോക്കിയപ്പോള്‍ മാല ദ്രവിച്ച നിലയിലായിരുന്നു. സംശയം തോന്നിയ വീട്ടമ്മ കലഞ്ഞൂരിലെ സ്വര്‍ണ കടയില്‍ എത്തി തൂക്കി നോക്കിയപ്പോള്‍ രണ്ടര പവന്‍മാല ഒന്‍പതര ഗ്രാമായി കുറഞ്ഞിരിക്കുന്നു. മുക്കിയപ്പോള്‍ തന്നെ മാലയിലെ സ്വര്‍ണം ലായനിയില്‍ കിട്ടിയ തട്ടിപ്പുകാര്‍ അതും കൊണ്ട് മുങ്ങി.

തമിഴും ബംഗാളിയും സംസാരിക്കുന്ന രണ്ടു പേര്‍ ആണ് തട്ടിപ്പ് നടത്തിയത്. കരി പിടിച്ച സാധനം വെളിപ്പിച്ചു നല്‍കാം എന്ന് പറഞ്ഞാണ് പല വീടുകളിലും എത്തിയത്. ആദ്യം ക്ലാവ് പിടിച്ച സാധനം എല്ലാം മിനുക്കി നല്‍കി. ഒടുവിലാണ് സ്വര്‍ണമാല, വള എന്നിവ വാങ്ങുന്നത്. ഒരു മണിക്കൂര്‍ വരെ സ്വര്‍ണ ഉരുപ്പടികള്‍ പഴയ രൂപത്തില്‍ കാണും. പിന്നെ അത് ദ്രവിച്ച് പൊടിയാകും. ആഭരണത്തിന്റെ ഭൂരിഭാഗവും ലായനിയില്‍ ലയിപ്പിച്ചാണ് ഇവര്‍ കൊണ്ടു പോകുന്നത്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…