അടൂര്‍: സ്വകാര്യ ബാങ്കിന്റെ കലക്ഷന്‍ ഏജന്റായ ചാരുംമൂട് പേരൂര്‍കാരാണ്മ തുണ്ടില്‍ വീട്ടില്‍ അശ്വതിയെ (27) തടഞ്ഞു നിര്‍ത്തി ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവും ബന്ധുവും സുഹൃത്തുക്കളും ഒളിവില്‍. ഭര്‍ത്താവ് തെങ്ങമം നടേശേരില്‍ കിഴക്കേതില്‍ കൃഷ്ണകുമാര്‍, ബന്ധു അഖില്‍, സുഹൃത്ത് രാജേഷ്, കണ്ടാല്‍ അറിയാവുന്ന മറ്റൊരു സുഹൃത്ത് എന്നിവരാണ് ഒളിവില്‍ പോയത്. ആക്രമണത്തിന് ഇരയായ അശ്വതി പറയുന്നതിങ്ങനെ: വ്യാഴാഴ്ച വൈകിട്ട് 6.50ന് ആണ് സംഭവം. ബാങ്കില്‍ നിന്ന് വായ്പ കൊടുത്തതിന്റെ തവണ പിരിക്കാന്‍ മുണ്ടപ്പള്ളി ഭാഗത്തു പോയി തിരികെ വരുമ്പോള്‍ കാട്ടില്‍മുക്ക് ഭാഗത്ത് ഭര്‍ത്താവ് കൃഷ്ണകുമാറും ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി സ്‌കൂട്ടര്‍ മറിച്ചിട്ട ശേഷം ആക്രമിച്ചു. പിന്നീട് ഭര്‍ത്താവും സുഹൃത്തും കൂടി വലിച്ചിഴച്ച് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി മര്‍ദിച്ച ശേഷം കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ തലയില്‍ ഒഴിച്ചു.
ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതിനിടെ ഭര്‍ത്താവും കൂട്ടരും പണമടങ്ങിയ ബാഗുമായി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ബാഗില്‍ പണത്തിനു പുറമേ മൊബൈല്‍ ഫോണ്‍, ടാബ്, ബാങ്കിലെ രസീത് ബുക്ക് തുടങ്ങിയവ ഉണ്ടായിരുന്നു.6 വര്‍ഷം മുന്‍പാണ് അശ്വതിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് കൃഷ്ണകുമാര്‍ വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് തെങ്ങമത്തെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. 5 മാസം മുന്‍പാണ് പിണങ്ങിക്കഴിയാന്‍ തുടങ്ങിയതെന്നും അശ്വതി പറഞ്ഞു. എസ്‌ഐ കെ.എസ്. ധന്യക്കാണ് അന്വേഷണ ചുമതല. മുന്‍പു കേസു കൊടുത്തതിന്റെ വൈരാഗ്യമാണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിലെന്ന് അശ്വതി പറയുന്നു.