കൊച്ചി: രാസലഹരിയും മദ്യവും കലര്‍ത്തി ഉപയോഗിച്ച 2 യുവാക്കള്‍ മരിച്ചതായി സുഹൃത്തിന്റെ മൊഴി. മൂന്നാമന്‍ ഒരാളെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയതായും വെളിപ്പെടുത്തി. കാസര്‍കോട് സ്വദേശിയായ യുവാവ് ഗോവയില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണു ഡാന്‍സ് ഫ്‌ലോറില്‍ കുഴഞ്ഞുവീണു മരിച്ചത്. കോഴിക്കോടു സ്വദേശിയായ രണ്ടാമന്‍ ലഹരി കോക്ടെയ്ല്‍ ഉപയോഗിച്ച ശേഷം പുഴയിലേക്ക് ഇറങ്ങി മുങ്ങിമരിക്കുകയായിരുന്നു.
‘ബീച്ചിലൂടെ നടന്നിട്ടു വരാമെന്നു’ പറഞ്ഞാണു സുഹൃത്ത് പുഴയിലേക്കു ഇറങ്ങിയതെന്നും ലഹരിമുക്തി ചികിത്സയ്‌ക്കെത്തിയ യുവാവ് മൊഴി നല്‍കി. ഇവരുടെ സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയാണ് രാസലഹരി ഉപയോഗിച്ച ശേഷം കാര്‍ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചു കയറ്റി അതിലെ ഡ്രൈവറെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്. പരുക്കേറ്റ് ആശുപത്രിയിലായ യുവാവിനെ കണ്ടപ്പോള്‍ തന്റെ ‘മൈന്‍ഡ് കുറച്ചു നേരം കട്ടായി’ എന്നാണ് അയാള്‍ പറഞ്ഞതെന്നും മൊഴിയില്‍ പറയുന്നു.
ഇത്തരം ലഹരിക്ക് അടിമയായ മലയാളി ചലച്ചിത്ര പ്രവര്‍ത്തകനെ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്നു മാസങ്ങള്‍ക്കു മുന്‍പ് ആശുപത്രിയിലാക്കി. അവസാന സിനിമയുടെ വിജയത്തിനു ശേഷമാണ് ഇദ്ദേഹം ഇതിന് അടിമയായത്. പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കു വേണ്ടി താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. തലേന്നു രാത്രി ലഹരി ഉപയോഗിച്ചു മതിഭ്രമമുണ്ടായ യുവാവ് വീടിനു സമീപത്തെ പറമ്പു മുഴുവന്‍ മണ്‍വെട്ടി ഉപയോഗിച്ചു കുഴിച്ചിരുന്നു. ചികിത്സയോടു സഹകരിച്ചാല്‍ ഏതാനും മാസങ്ങള്‍ കൊണ്ടു യുവാവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണു മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം