അടൂര്‍: ഭര്‍ത്താവ് വിദേശത്തു നിന്നും വന്ന ദിവസം ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത അടൂര്‍ പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവം (മുകളയ്യത്ത്) ലക്ഷ്മി പിള്ള(24)യുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ വീട്ടുകാര്‍. ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിനെതിരെയാണ് ആരോപണം. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ അമ്മയുടേയും ബന്ധുക്കളുടേയും മാനസിക പീഠനമാണ് മകളുടെ മരണത്തിന് കാരണമെന്ന് ലക്ഷ്മി പിള്ളയുടെ അമ്മ രമാദേവീ ആരോപിക്കുന്നു. ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന 10 ലക്ഷം രൂപ എടുത്തു നല്‍കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നതായി രമാദേവി ആരോപിച്ചു. ഈ പണം കിഷോറിന് നല്‍കരുതെന്ന് മകള്‍ മുമ്പ് തന്നെ പറഞ്ഞിരുന്നു. ഇതേച്ചൊല്ലി പിന്നീട് കിഷോര്‍ നിരവധി തവണ മകളുമായി വഴക്കുണ്ടാക്കിയതായും രമാദേവി വ്യക്തമാക്കി. മരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് മകള്‍ ഇളംപളളിലെ വീട്ടില്‍ ഉണ്ടായിരുന്നു. ഒരു ദിവസം പെട്ടെന്ന് വീട്ടിലേക്ക് പോകാന്‍ കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ട പണം നല്‍കാതെ വന്നപ്പോള്‍ മുതല്‍ മകളോട് പല രീതിയിലുള്ള മാനസിക പീഠനം ആരംഭിച്ചിരുന്നു. ഫോണ്‍ ബെല്ലടിച്ചാല്‍ പെട്ടെന്ന് എടുത്തില്ലെങ്കില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നു. നിന്നെ കൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ല തുടങ്ങിയ വാക്കുകള്‍ പറഞ്ഞ് മകളെ നിരന്തരം മാനസികമായി തകര്‍ത്തതായി രമാദേവി വ്യക്തമാക്കി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകളുടെ നമ്പര്‍ കിഷോര്‍ ബ്ലോക്ക് ചെയ്തിരുന്നതായും ഇവര്‍ ആരോപിക്കുന്നു.
കൂടാതെ കിഷോറിന്റെ അമ്മ ഓണത്തിന് അടുപ്പിച്ച് മകളെ മാനസികമായി പീഠിപ്പിച്ചിരുന്നു. കിഷോറിന്റെ ബന്ധു വീട്ടില്‍ വന്നപ്പോള്‍ സംസാരിച്ചില്ല എന്ന് പറഞ്ഞായിരുന്നു വഴക്ക്. ഈ സംഭവം തന്നോട് പറഞ്ഞിരുന്നതായും രമാദേവി വ്യക്തമാക്കി. കിഷോര്‍ വിദേശത്തു നിന്നും വന്ന സെപ്റ്റംബര്‍ 20-ന് ഉച്ചയ്ക്ക് 12.45-ന് കിഷോര്‍ തന്നെ ഫോണില്‍ വിളിച്ചു. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്‌കൂട്ടറില്‍ അടൂരില്‍ എത്തി അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി 2.30-ന് ചടയമംഗലത്തെ മകള്‍ താമസിച്ചിരുന്ന വീട്ടിലെത്തി. അപ്പോള്‍ കൊല്ലം,അഞ്ചല്‍ പ്രദേശങ്ങളിലുള്ള നിരവധി ബന്ധുക്കള്‍ വീടിന്റെ ഉമ്മറത്തുണ്ടായിരുന്നു. വീടിന്റെ വാതിലില്‍ കിഷോറും അമ്മയും നില്‍പ്പുണ്ടായിരുന്നു. മകളെ അന്വേഷിച്ചപ്പോള്‍ മുകള്‍ നിലയിലെ മുറിയില്‍ ഉണ്ടെന്നും കതക് തുറക്കുന്നില്ലെന്നും കിഷോര്‍ പറഞ്ഞതായി രമാദേവി പറയുന്നു. തുടര്‍ന്ന് മുകള്‍ നിലയിലേക്ക് താന്‍ പോയപ്പോള്‍ പുറത്തു നിന്ന കുറച്ചു പേര്‍ തന്നെ തള്ളി മാറ്റി ഓടി മുകള്‍ നിലയിലേക്ക് കയറി.മുറിയുടെ പുറത്ത് നിന്ന് നോക്കിയപ്പോള്‍ മകളെ ആരൊക്കെയോ താങ്ങി കിടത്തുന്നതാണ് കണ്ടത്.
പിന്നീട് താന്‍ പുറത്തേക്ക് ഓടി റോഡില്‍ എത്തി നിലവിളിച്ചെന്നും രമാദേവി വ്യക്തമാക്കി. കതക് തുറക്കാതെ വന്നപ്പോള്‍ എന്തുകൊണ്ട് കതക് തുറന്നില്ല?, ഇത്രയും ബന്ധുക്കള്‍ എങ്ങനെ അവിടെ എത്തി? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് രമാദേവി ഉന്നയിക്കുന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു കിഷോറിന്റേയും ലക്ഷ്മി പിള്ളയുടേയും വിവാഹം. മൂന്ന് വര്‍ഷം മുമ്പ് മരിച്ചതാണ് ലക്ഷ്മി പിള്ളയുടെ അച്ഛന്‍ മോഹനന്‍ പിള്ള. ലക്ഷ്മി പിള്ളയുടെ മരണം മൃതദേഹപരിശോധനയില്‍ ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഠനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണ്. കിഷോര്‍ 11.30-ന് വീട്ടില്‍ വന്നിട്ട് ഉച്ചയ്ക്ക് 2.30 വരെ കതക് തുറക്കാന്‍ താമസിച്ചതിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ ലക്ഷ്മിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും ചടയമംഗലം സി.ഐ വ്യക്തമാക്കി. മകളുടെ മരണത്തെപ്പറ്റി കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചടയമംഗലം സി.ഐയ്ക്കും പരാതി നല്‍കിയതായി ലക്ഷ്മി പിള്ളയുടെ ബന്ധുക്കള്‍ പറഞ്ഞു