പത്തനംതിട്ട(കൂടല്‍): കാറില്‍ വന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. കലഞ്ഞൂര്‍ ഇടത്തറ ബ്രാഞ്ച് സെക്രട്ടറി കൊട്ടന്തറ രാജേഷാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഇയാള്‍ക്ക് വേണ്ടി സിപിഎമ്മിന്റെ സമ്മര്‍ദം. സംഭവത്തിന് നിരവധിപ്പേര്‍ സാക്ഷികളായതിനാലും വീഡിയോ പ്രചരിക്കുന്നതിനാലും കര്‍ശന നടപടിയുമായി മുന്നോട്ട് നീങ്ങുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഇടത്തറയിലായിരുന്നു സംഭവം. തങ്ങളെ മറികടന്നു പോയ വാഹനം തടഞ്ഞ ശേഷമായിരുന്നു രാജേഷിന്റെ പരാക്രമം. ഇയാള്‍ മദ്യലഹരിയില്‍ നിലത്തു കാലുറപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യാത്രക്കാരെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് അമ്മയെയും മകനെയും ആക്രമിച്ചത്. ഇവര്‍ കോന്നി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.
വിവരമറിഞ്ഞ് കൂടല്‍ സ്റ്റേഷനിലെ ജിഡി ചാര്‍ജ് ഫിറോസ്, സിപിഓ അരുണ്‍ എന്നിവര്‍ സംഭവ സ്ഥലത്ത് ചെന്നു. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ നീയൊക്കെ എന്നെ എന്തു ചെയ്യുമെന്ന് ആക്രോശിച്ചു കൊണ്ട് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസുകാര്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ് വാഹനത്തിലും സ്റ്റേഷനിലും ഇയാള്‍ പരാക്രമം തുടര്‍ന്നു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്‍ക്കെതിരേ കേസ് എടുത്ത് റിമാന്‍ഡ് ചെയ്യും.
കാറില്‍ വന്ന വീട്ടമ്മയെയും മകനെയും താന്‍ തന്നെയാണ് അടിച്ചത് എന്ന് രാജേഷ് പറയുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളും പോലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നത് കാണാം.
അടിപിടി, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് രാജേഷ്. ഇയാള്‍ പൊലീസ് പിടിയിലായ വിവരം അറിഞ്ഞ് സിപിഎം ഉന്നത നേതാക്കള്‍ സ്വാധീനം ചെലുത്തിയെങ്കിലും വിജയിച്ചില്ല. കര്‍ശന നടപടി എടുക്കാന്‍ എസ്പി ഉത്തരവിട്ടതോടെ നേതാക്കളുടെ പണി പാളി.