‘തലയ്ക്ക് ഇടിച്ചു, ചവിട്ടി, നരഹത്യാശ്രമം’: കുട്ടിയെ മര്‍ദിച്ച പ്രതി ഷിഹാദ് റിമാന്‍ഡില്‍

0 second read
0
0

തലശ്ശേരി: അതിഥിത്തൊഴിലാളിയുടെ 6 വയസ്സുള്ള മകനെ കാറില്‍ ചാരിനിന്നതിന്റെ പേരില്‍ ചവിട്ടിത്തെറിപ്പിച്ച മലയാളി യുവാവ് അറസ്റ്റില്‍. ക്രൂരത കാട്ടിയ പൊന്ന്യംപാലം മന്‍സാര്‍ ഹൗസില്‍ കെ. മുഹമ്മദ് ഷിഹാദിനെ (20) വ്യാഴാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം പൊലീസ് വിട്ടയച്ചിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധമുയരുകയും ഇന്നലെ രാവിലെ ഷിഹാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രാജസ്ഥാന്‍ സ്വദേശിയായ കുട്ടി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സാരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും നീര്‍ക്കെട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംക്ഷനില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

രാജസ്ഥാനില്‍നിന്നു ബലൂണ്‍ വില്‍പനയ്‌ക്കെത്തിയ ദമ്പതികളുടെ കുട്ടിയുടെ പുറത്ത് ഷിഹാദ് ഷൂസിട്ട കാല്‍ കൊണ്ടു ചവിട്ടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ ആളുകളെ തള്ളിമാറ്റി, ഇയാള്‍ കാറുമായി സ്ഥലം വിട്ടു. പുറത്തു നീരുവന്ന കുട്ടിയെ മടിയില്‍ കിടത്തി, ഫുട്പാത്തില്‍ ഇരുന്നു കരഞ്ഞ ദമ്പതികളെ ഇതുവഴി സ്‌കൂട്ടറില്‍ വന്ന സിപിഎം നേതാവും അഭിഭാഷകനുമായ എം.കെ.ഹസനാണു ശ്രദ്ധിച്ചത്. നാട്ടുകാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും സഹായത്തോടെ ഒന്‍പതോടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

ഇതിനിടെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാറിന്റെ നമ്പര്‍ കണ്ടെത്തി ഷിഹാദിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും രാത്രി തന്നെ വിട്ടയച്ചു. കാറില്‍ സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങള്‍ ഉണ്ടായതിനാല്‍ രാവിലെ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. പ്രതി ആസ്മ രോഗിയാണെന്നും പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ എട്ടരയോടെ സ്റ്റേഷനിനെത്തിയ ഷിഹാദിനെ അറസ്റ്റ് ചെയ്തു. നരഹത്യാ ശ്രമം, ബോധപൂര്‍വം മുറിവേല്‍പിക്കല്‍, പൊതുഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. ബാലനീതി വകുപ്പു പ്രകാരമുള്ള കുറ്റങ്ങള്‍ ചേര്‍ത്തിട്ടില്ല. പ്രതിയെ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

ബാലാവകാശ കമ്മിഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ദേശീയ ബാലാവകാശ കമ്മിഷനും വിശദീകരണം തേടി. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കില്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്നു ഡിജിപി അനില്‍കാന്ത് അറിയിച്ചു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…