മനുഷ്യക്കടത്തു നടത്തി വന്ന സംഘാംഗങ്ങള്‍ അറസ്റ്റില്‍

0 second read
0
0

കൊച്ചി: വ്യാജ വീസ നല്‍കി സ്‌പെയിനിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്തു നടത്തി വന്ന സംഘാംഗങ്ങള്‍ അറസ്റ്റില്‍. കാസര്‍കോട് ആലക്കോട് കുന്നേല്‍ ജോബിന്‍ മൈക്കിള്‍ (35), പാലക്കാട് കിനാവല്ലൂര്‍ മടമ്പത്ത് പൃഥ്വിരാജ് കുമാര്‍(47) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികള്‍ നല്‍കിയ വ്യാജ വീസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂര്‍ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിന്‍ ബാബു എന്നിവരെ സ്‌പെയിനില്‍ പിടികൂടി ഇന്ത്യയിലേക്കു കയറ്റിവിട്ടിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഇവരെ എമിഗ്രേഷന്‍ വിഭാഗം നെടുമ്പാശേരി പൊലീസിനു കൈമാറി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വീസ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. കേസ് ഏറ്റെടുത്ത അന്വേഷണ സംഘം മനുഷ്യക്കടത്തിന്റെ ഏജന്റുമാരെ തിരിച്ചറിഞ്ഞു നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്ലസ്ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവര്‍ ആറു ലക്ഷം രൂപ സംഘത്തിനു നല്‍കിയാണ് ഷെങ്കന്‍ വീസ സംഘടിപ്പിച്ചത്. ഇതു വ്യാജ വീസയാണ് എന്ന വിവരം അറിയാതെ ഇവിടെ നിന്നു കയറിപ്പോയി അവിടെ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ പിടികൂടി. തുടര്‍ന്നാണ് ഡീപോട്ട് ചെയ്തത്.

യൂറോപ്പ്യന്‍ രാജ്യങ്ങളിലേയ്ക്കു ജോലിക്കു പോകുന്നതിനു വീസ ലഭിക്കാന്‍ മതിയായ വിദ്യാഭ്യാസ യോഗ്യതയും നടപടിക്രമങ്ങളും ഉണ്ടെന്നിരിക്കെയാണ് പ്രതികള്‍ വ്യാജ വീസ തയാറാക്കി ഇവരില്‍ നിന്നു പണം തട്ടിയത്. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവര്‍ക്കു യൂറോപ്യാന്‍ രാജ്യങ്ങളില്‍ വര്‍ക്ക് വീസ ലഭിക്കാന്‍ സാധ്യത ഇല്ലെന്നിരിക്കെയാണ് ഇവരുടെ അറിവില്ലായ്മ ഉപയോഗപ്പെടുത്തി പണം തട്ടിയത്. വിദ്യാഭ്യാസ യോഗ്യത കുറുവുള്ളവര്‍ക്കു വ്യാജവീസ സംഘടിപ്പിച്ചു നല്‍കി യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കു കയറ്റി വിടുന്നതാണ് ഇവരുടെ പതിവ്.

കേസിലെ മുഖ്യ പ്രതി ജോബിന്‍ മൈക്കിളിനെ കാസര്‍കോഡു നിന്നും പൃഥ്വിരാജിനെ പാലക്കാടു നിന്നുമാണ് പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി ആര്‍. രാജീവ്, എസ്‌ഐ ടി.എം.സൂഫി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യാജ വീസ നല്‍കുന്ന ഏജന്റുമാര്‍ക്കെതിരെ ജനം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…