കഠ്മണ്ഡു: ജയില്‍മോചിതനായ രാജ്യാന്തര കൊടുംകുറ്റവാളി ചാള്‍സ് ശോഭരാജിനെ (78) ഫ്രാന്‍സിലേക്ക് നാടുകടത്തി. പ്രായാധിക്യം പരിഗണിച്ച് 2 ദിവസം മുന്‍പാണ് നേപ്പാള്‍ സുപ്രീം കോടതി ശോഭരാജിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വെള്ളിയാഴ്ച രാവിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കനത്ത സുരക്ഷയുടെ അകമ്പടിയോടെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ദോഹയിലെത്തിച്ചു. ദോഹയില്‍ നിന്ന് പാരിസിലേക്ക് കൊണ്ടുപോകും.
പാരിസില്‍ ശോഭരാജിന്റെ മകളും അമ്മയും കാത്തുനില്‍ക്കുമെന്ന് അഭിഭാഷകനായ സുധേഷ് സുബേദി വ്യക്തമാക്കി. 10 വര്‍ഷം നേപ്പാളില്‍ പ്രവേശിക്കുന്നതിന് ശോഭരാജിന് വിലക്കുണ്ട്.
നേപ്പാളിലെ ഗംഗാലാല്‍ ആശുപത്രിയില്‍ 10 ദിവസം ചികിത്സ നടത്തണമെന്ന് ശോഭരാജ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ അനുമതി നല്‍കിയില്ല. 2017 ല്‍ ഈ ആശുപത്രിയിലാണ് ശോഭരാജ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ഡല്‍ഹിയില്‍ വിദേശവിനോദസഞ്ചാരിയെ ലഹരിമരുന്നു നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശോഭരാജ് 1976 മുതല്‍ 21 വര്‍ഷം ഇന്ത്യയില്‍ തിഹാര്‍ ജയിലില്‍ തടവിലായിരുന്നു. 1986 ല്‍ ജയില്‍ ചാടിയെങ്കിലും ഗോവയില്‍ പിടിയിലായി. 1997 ല്‍ മോചനത്തിനുശേഷം ഫ്രാന്‍സിലേക്കു നാടുകടത്തി.
നാട്ടിലും മോഷണവുമായി നടന്ന ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തിയപ്പോഴാണ് 2003 സെപ്റ്റംബറില്‍ അറസ്റ്റിലായത്. 1975 ല്‍ നേപ്പാളില്‍ സന്ദര്‍ശനത്തിനെത്തിയ 2 അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്.