അടൂര്‍: ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ പ്രതി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇറങ്ങിയോടി. ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത 894/2022 നമ്പര്‍ കേസിലെ പ്രതി പോരുവഴി ഇടക്കാട് കല്ലുംപുറത്ത് വീട്ടില്‍ എസ്. നിഖില്‍ (27) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കോടതിയില്‍ നിന്ന് ഇറങ്ങിയോടിയത്.
കടമ്പനാട് സ്കൂളില്‍ കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ റോഡിലിട്ട് മര്‍ദിച്ച കേസില്‍ പ്രതിയാണ് നിഖില്‍. കേസില്‍ ഒളിവിലായിരുന്ന നിഖില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന് പ്രകാരം നിഖില്‍ ഏനാത്ത് സ്റ്റേഷനില്‍ ഹാജരായി. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി വൈകിട്ട് നാലിന് അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നിഖിലിനോട് പുറത്തേക്ക് ഇറങ്ങി നില്ക്കാന് മജിസ്ട്രേറ്റ് പറഞ്ഞു. കോടതിക്ക് പുറത്തേക്ക് ഇറങ്ങിയ നിഖില്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
നിഖിലിന്റെ മാതാപിതാക്കള്‍ അടക്കം കോടതി പരിസരത്തുണ്ടായിരുന്നു. തന്നെ അറസ്റ്റ് ചെയ്യുമെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ ഇറങ്ങിയോടിയതെന്ന് പറയുന്നു. സാധാരണ ഹൈക്കോടതി നിര്‍ദേശപ്രകാരം വരുന്ന കേസുകളില്‍ മജിസ്ട്രേറ്റിന്റെ വിവേചന അധികാരം പ്രയോഗിക്കാം. ഭൂരിഭാഗവും ജാമ്യം അനുവദിക്കുകയുമാണ്. പുറത്തേക്ക് ഇറങ്ങി നില്ക്കാന് മജിസ്ട്രേറ്റ് പറഞ്ഞത് തെറ്റിദ്ധരിച്ചാണ് നിഖില്‍ ഓടിരക്ഷപ്പെട്ടതെന്ന് പറയുന്നു.
ആദ്യ കേസില്‍ ജാമ്യം കിട്ടിയാലും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിന് ഇയാള്‍ക്കെതിരേ കേസ് വരാന്‍ സാധ്യതയുണ്ട്. പ്രതിക്കായി അടൂര്‍, ഏനാത്ത് പോലീസുകാര്‍ തെരച്ചില്‍ തുടരുകയാണ്.