പരുത്തിപ്പാറ കൊലക്കേസിന് ഒടുവില്‍ പ്രതീക്ഷിച്ചതു പോലെ കോമഡി ക്ലൈമാക്സ് :രാത്രിയില്‍ തമ്മില്‍ നടന്നത് മുട്ടന്‍ അടി: ഭാര്യയുടെ അടി കൊണ്ട് ഭര്‍ത്താവ് ബോധം കെട്ടു വീണു: നൗഷാദ് മരിച്ചെന്ന് കരുതി അഫ്സാന സ്വന്തം വീട്ടിലേക്ക് മുങ്ങി: ബോധം വന്ന നൗഷാദ് ഭാര്യ മരിച്ചെന്ന് കരുതി നാടുവിട്ടു

0 second read
0
0

പത്തനംതിട്ട: പരുത്തിപ്പാറ കൊലക്കേസിന് ഒടുവില്‍ പ്രതീക്ഷിച്ചതു പോലെ കോമഡി ക്ലൈമാക്സ്. ഭാര്യ കൊന്നു കുഴിച്ചു മൂടിയെന്ന് പറയുന്ന പാടം സ്വദേശി നൗഷാദിനെ തൊടുപുഴ തൊമ്മന്‍കുത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് നാടു നടുക്കിയ കൊലപാതകം കോമഡിയിലേക്ക് വഴി മാറിയത്. ഇന്നലെ രാത്രി തന്നെ കൂടല്‍ പൊലീസ് നൗഷാദ് ഉള്ള ഇടം കണ്ടെത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

2021 നവംബര്‍ ഒന്നു മുതല്‍ നൗഷാദിനെ കാണാതായെന്നാണ് പിതാവ് അഷ്റഫ് കൂടല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇയാളെ കാണാതാകുന്നതിന് തലേന്ന് അഫ്സാനയും നൗഷാദുമായി പരുത്തിപ്പാറയിലെ വാടകവീട്ടില്‍ അടിപിടി നടന്നിരുന്നു. ഇത് ഇവിടെ പതിവായതിനാല്‍ നാട്ടുകാരും ശ്രദ്ധിക്കാറില്ല. വാടകയ്ക്ക് വീടെടുത്ത് മൂന്നു മാസമാണ് ഇവര്‍ താമസിച്ചത്. പതിവായി അടിയും വഴക്കും നടന്നു. മീന്‍കച്ചവടവും ഡ്രൈവിങ്ങും തൊഴിലാക്കിയ നൗഷാദ് മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുകയായിരുന്നു. അഫ്സാനയും തിരിച്ചടിക്കും. പതിവു പോലെ ഇങ്ങനെ നടന്ന അടിപിടിക്കിടെ അഫ്സാനയുടെ അടി കൊണ്ട് നൗഷാദ് ബോധം കെട്ടു വീണു. വിളിച്ചു നോക്കിയിട്ടും ഉണരാതെ വന്നതോടെ നൗഷാദ് മരിച്ചുവെന്ന് ഉറപ്പിച്ച് അഫ്സാന സ്വന്തം വീട്ടിലേക്ക് പോയി. ‘മഹാ രഹസ്യം’ ഉള്ളിലൊളിപ്പിച്ച് അവിടെ കഴിഞ്ഞു.

ഇതിനിടെ പരുത്തിപ്പാറയിലെ വീട്ടില്‍ ബോധം വന്ന നൗഷാദ് അഫ്സാനയെ കാണാതെ കുഴങ്ങി. തന്റെ അടി കൊണ്ട് അവള്‍ക്കെന്തെങ്കിലും സംഭവിച്ചുവെന്ന് കരുതി പിറ്റേന്ന് പുലര്‍ച്ചെ നാടുവിട്ടു. പലയിടത്തും കറങ്ങി നടന്ന് ഒടുവില്‍ തൊടുപുഴയ്ക്ക് സമീപം തൊമ്മന്‍കുത്തിലെത്തി. അവിടെ ജീവിച്ചു വരുന്നതിനിടെയാണ് പുതിയ വിവാദം. താന്‍ ഭര്‍ത്താവിനെ അടിച്ചു കൊന്നുവെന്ന കുറ്റബോധം മനസില്‍ കിടന്നു വിങ്ങിയാണ് അഫ്സാന പൊലീസിനോട് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് കരുതുന്നു. നൗഷാദ് മരിച്ചുവെങ്കിലും മൃതദേഹം കണ്ടെത്താതിരുന്നതും അഫ്സാനയെ കുഴക്കി. ഒടുവില്‍ സഹികെട്ട് പൊലീസിനോട് സത്യം തുറന്നു പറയുകയായിരുന്നു. പക്ഷേ, മൃതദേഹം കാണിച്ചു കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് പുഴയില്‍ തള്ളിയെന്നും കുഴിച്ചു മൂടിയെന്നുമൊക്കെ പൊലീസിനോട് പറഞ്ഞത്. കേട്ടപാതി കേള്‍ക്കാത്ത പാതി വീടിന്റെ ഉള്‍വശം വരെ കുഴിച്ച പൊലീസ് അപഹാസ്യരാവുകയും ചെയ്തു.

നിലവില്‍ അഫ്സാന റിമാന്‍ഡിലാണ്. നൗഷാദ് മരിക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കും. എന്നാലും ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ നിലനില്‍ക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ 177,182(പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും വ്യതിചലിപ്പിക്കുകയും ചെയ്തു), 201 (തെളിവ് നശിപ്പിക്കല്‍ ), 297( മതവികാരം വ്രണപ്പെടും വിധം ശവക്കല്ലറയില്‍ കയ്യേറ്റം നടത്തുക, ശവത്തെ അവഹേളിക്കുക അപമാര്യാദയായി പെരുമാറുക എന്നിങ്ങനെ ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…