
കൊച്ചി: വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച് അറുപതു കോടി ഹവാലാപ്പണം സൗദി അറേബ്യയിലേക്ക് കടത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകളില്‍ പിടിപാടുള്ള പ്രമുഖനും മകനുമാണ് ചരടുവലികള്‍ നടത്തുന്നതെന്നാണ് വിവരം. ഇതു സംബന്ധിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ജിദ്ദ കേന്ദ്രീകരിച്ചുള്ള സ്പൈസസ് സിറ്റി ഫോര്‍ ഫുഡ് സ്റ്റഫ്സ് വെയര്‍ ഹൗസ് കമ്പനിയില്‍ നിക്ഷേപം നടത്തിയെന്നാണ് പരാതി. ഈ പരാതിയിന്മേല്‍ അങ്കമാലി മൂലന്‍സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാര്‍ക്കെതിരേ ഇഡി പ്രാഥമികാന്വേഷണം നടത്തി കഴമ്പുളളതായി കണ്ടെത്തിയിരുന്നു. ഇതിന്മേലുളള തുടരന്വേഷണമാണ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്.
കേന്ദ്രകേരള സര്‍ക്കാരുകളില്‍ ഒരേ പോലെ സ്വാധീനമുള്ള ഒരു മുതിര്‍ന്ന പ്രതിനിധിയും അദ്ദേഹത്തിന്റെ മകനും ചേര്‍ന്നാണ് അട്ടിമറി ശ്രമം നടത്തുന്നത് എന്നാണ് ആരോപണം. ഇവരുടെ ശ്രമഫലമായി കൊച്ചി ഇഡി യൂണിറ്റിന് മേല്‍ വന്‍ സമ്മര്‍ദമാണുള്ളതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത രേഖകള്‍ വരെ വിട്ടു നല്‍കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അറിയുന്നു.
സൗദിയില്‍ വിദേശ മൂലധന നിക്ഷേപം അതാത് രാജ്യത്തെ കറന്‍സിയായിട്ട് വേണം നടത്താനെന്നാണ് ചട്ടം. ഇവിടെ നിന്ന് 60 കോടി രൂപയ്ക്കുള്ള മൂലധന നിക്ഷേപം മൂലന്‍സ് സഹോദരന്മാരായ സാജു, ജോസ്, ജോയ് എന്നിവര്‍ ജിദ്ദ കമ്പനിയില്‍ നടത്തിയെന്നാണ് പരാതി. ഇത് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതിനെ തുടര്‍ന്ന് സാജു മൂലന്‍, ജോസ് മൂലന്‍ എന്നിവരില്‍ നിന്ന് ഇ.ഡി മൊഴിയെടുത്തു. ജോയ് മൂലന്‍ നിലവില്‍ വിദേശത്താണുള്ളത്. ഇവരുടെ ഭാര്യമാരാണ് മറ്റ് ഷെയര്‍ ഉടമകള്‍. സൗദിക്കാരനായ സ്പോണ്‍സറുമുണ്ട് ഷെയര്‍.
വിദേശനിക്ഷേപത്തിനായി 60 കോടി രൂപ കൊണ്ടു പോയത് ബാങ്ക് മുഖാന്തിരമല്ലെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നത്. സൗദി കൊമേഴ്സ് മന്ത്രാലയത്തിലെ കൊമേഴ്സ്യല്‍ രജിസ്റ്ററില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരം അനുസരിച്ച് ജിദ്ദ കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് 2.70 കോടി സൗദി റിയാലാണ് ആകെയുള്ള പ്രവര്‍ത്തന മൂലധനം. അങ്കമാലിയില്‍ മൂലന്‍സ് ഇന്റനാഷണല്‍, മൂലന്‍സ് ഫാമിലി മാര്‍ട്ട് എന്നീ സ്ഥാപനങ്ങള്‍ ഇവര്‍ക്കുണ്ട്. വിദേശത്തും ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റും നടത്തി വരുന്നുണ്ട്.
ഹവാലാപ്പണം കടത്തിയെന്ന പരാതിയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലാഴ്ച സമയം വേണമെന്ന് ഇഡിയുടെ കോണ്‍സല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് അട്ടിമറി നീക്കം തകൃതിയായി നടക്കുന്നത്.