കൊച്ചി: വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് അറുപതു കോടിയുടെ ഹവാലാപ്പണം വിദേശത്തേക്ക് കടത്തിയെന്ന ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇഡി അന്വേഷണംഅനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് നിര്‍ദേശം നല്‍കിയത്. അങ്കമാലി മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകളും മൂലന്‍സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍മാരായ സാജു, ജോസ്, ജോയി എന്നിവര്‍ക്കും കമ്പനി ഡയറക്ടര്‍മാര്‍ക്കും നോട്ടീസ് അയക്കാനുംകോടതി നിര്‍ദേശിച്ചു.
ഹവാലാപ്പണം കടത്തിയെന്ന പരാതിയില്‍ ആറു പേര്‍ക്കെതിരേയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് പ്രാഥമികാന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി സാജു, ജോസ് എന്നിവരുടെ പാസ്പോര്‍ട്ട് ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നാമനായ ജോയി നിലവില്‍ വിദേശത്താണുള്ളത്. ജിദ്ദ കേന്ദ്രീകരിച്ചുള്ള സ്പൈസസ് സിറ്റി ഫോര്‍ ഫുഡ് സ്റ്റഫ്സ് വെയര്‍ ഹൗസ് കമ്പനിയില്‍ ഇവിടെ നിന്നു കൊണ്ടു പോയ ഹവാലാപ്പണം നിക്ഷേപം നടത്തിയെന്നാണ് പരാതി.
സൗദിയില്‍ വിദേശ മൂലധന നിക്ഷേപം അതാത് രാജ്യത്തെ കറന്‍സിയായിട്ട് വേണം നടത്താനെന്നാണ് ചട്ടം. ഇവിടെ നിന്ന് 60 കോടി രൂപയ്ക്കുള്ള മൂലധന നിക്ഷേപം മൂലന്‍സ് സഹോദരന്മാരായ സാജു, ജോസ്, ജോയ് എന്നിവര്‍ ജിദ്ദ കമ്പനിയില്‍ നടത്തിയെന്നാണ് പരാതി. ഇത് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതിനെ തുടര്‍ന്ന് സാജു, ജോസ് എന്നിവരില്‍ നിന്ന് ഇ.ഡി മൊഴിയെടുത്തിരുന്നു. ഇവരുടെ ഭാര്യമാരാണ് മറ്റ് ഷെയര്‍ ഉടമകള്‍. സൗദിക്കാരനായ സ്പോണ്‍സറിനും ഷെയര്‍ ഉണ്ട്.
വിദേശനിക്ഷേപത്തിനായി 60 കോടി രൂപ കൊണ്ടു പോയത് ബാങ്ക് മുഖാന്തിരമല്ലെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നത്. സൗദി കൊമേഴ്സ് മന്ത്രാലയത്തിലെ കൊമേഴ്സ്യല്‍ രജിസ്റ്ററില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരം അനുസരിച്ച് ജിദ്ദ കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് 2.70 കോടി സൗദി റിയാലാണ് ആകെയുള്ള പ്രവര്‍ത്തന മൂലധനം. അങ്കമാലിയില്‍ മൂലന്‍സ് ഇന്റനാഷണല്‍, മൂലന്‍സ് ഫാമിലി മാര്‍ട്ട് എന്നീ സ്ഥാപനങ്ങള്‍ ഇവര്‍ക്കുണ്ട്. വിദേശത്തും ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റും നടത്തി വരുന്നുണ്ട്. ഇതിനിടെ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടക്കുന്നുവെന്ന ആരോപണവും പരാതിക്കാരന്‍ ഉന്നയിക്കുന്നുണ്ട്.
നേരത്തേ ഈ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നാലാഴ്ച സാവകാശം ഇഡിക്ക് നല്‍കിയിരുന്നു. വീണ്ടും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇഡിക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഹാജരായി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അവസാന ചാന്‍സ് ആണെന്ന് പറഞ്ഞ കോടതി രണ്ടാഴ്ച കൂടി സമയം അനുവദിക്കുകയായിരുന്നു. കേസ് വീണ്ടം അടുത്ത മാസം ആറിന് പരിഗണിക്കും.