അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അടൂര്‍ തുവയൂര്‍ തെക്ക് രമ്യാ ഭവനില്‍ യശോധരന്‍(57) ആണ് മരിച്ചത്. അടിവയറ്റില്‍ കത്രിക ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എട്ടുവര്‍ഷം മുമ്പ് മരത്തില്‍ നിന്നും വീണ് ഗുരതര പരിക്കേറ്റതിനെ തുടര്‍ന്നാണ് യശോധരന്‍ തളര്‍ന്നു കിടപ്പായത്. മാര്‍ച്ച് 21-ന് പുലര്‍ച്ചെയാണ് വീട്ടുകാര്‍ വയറിന് മുറിവേറ്റ നിലയില്‍ യശോധരനെ കണ്ടത്.
തുടര്‍ന്ന് അടൂര്‍ ഏഴംകുളം ചായലോട് ഭാഗത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ട് 4.15-ന് മരിച്ചു. കുറച്ചു ദിവസങ്ങളായി യശോധരന്‍ ബാങ്ക് വായ്പ കുടിശ്ശിക വന്നതില്‍ മനോവിഷമത്തിലായിരുന്നു. വായ്പ കുടിശ്ശിക അടയ്ക്കണമെന്നും അല്ലെങ്കില്‍ തുടര്‍നടപടികള്‍ എടുക്കുമെന്നും കാണിച്ച് ബാങ്ക് നോട്ടീസും നല്‍കിയിരുന്നു. ഇതിന്റെ വിഷമമാണ് ഇത്തരം കൃത്യത്തിലേക്ക് കടക്കാന്‍ കാരണമെന്ന് യശോധരന്റെ ഭാര്യ കെ.ഉഷാകുമാരി പറഞ്ഞു. 2018-19-ല്‍ വീടു പണിക്കു വേണ്ടിയാണ് വായ്പ എടുത്തത്.
ഉഷാകുമാരിയുടെ പേരിലായിരുന്നു വായ്പ. 682000 രൂപയാണ് കുടിശ്ശിക. എന്നാല്‍ വായ്പ അടയ്ക്കുന്നതു സംബന്ധിച്ച് 60 ദിവസം മുമ്പ് കത്ത് നല്‍കിയിരുന്നു. മറ്റ് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. അടുത്തിടെ കുടിശ്ശിക അടയ്ക്കണം എന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്നും ഫോണ്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും അടൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു പറഞ്ഞു. ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയില്‍ നടന്ന യശോധരന്റെ മൃതദേഹ പരിശോധനയ്ക്കു ശേഷം സംസ്‌ക്കക്കരിച്ചു.