കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിനെ കണ്ടെത്താനായി റെഡ് കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കും. ഇതിനായി ക്രൈംബ്രാഞ്ച് എഡിജിപി സിബിഐ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കി. അപേക്ഷ സിബിഐ ഡയറക്ടര്‍ വ്യാഴാഴ്ച ഇന്റര്‍പോളിന് കൈമാറും. രാഹുല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു.
രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്റര്‍പോള്‍ മുഖേന പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചതില്‍ ഫലമില്ലാതായതോടെയാണ് പുതിയ നീക്കം. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് ഫ്രാന്‍സിലെ ഇന്റര്‍പോള്‍ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോര്‍ട്ടില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനു വിശദ മറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കൂ എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതി ഉപയോഗിച്ചിരുന്ന കാറില്‍ കണ്ടെത്തിയ രക്തക്കറ പെണ്‍കുട്ടിയുടേതാണോ എന്നറിയാന്‍ രക്തസാംപിള്‍ ശേഖരിക്കും. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചതിനു സസ്‌പെന്‍ഷനിലായ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ശരത്ലാലിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. പരാതിയുമായി യുവതിയും ബന്ധുക്കളും എത്തിയ സമയത്ത് ശരത്ലാല്‍ ഉള്‍പ്പെടെ 11 പൊലീസുകാര്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. പ്രതിയുമായി ബന്ധപ്പെട്ടത് ശരത്ലാല്‍ മാത്രമാണെന്നാണു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.
രാഹുലിന്റെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ ഉഷാകുമാരി, രാഹുലിന്റെ സഹോദരിയും മൂന്നാം പ്രതിയുമായ കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.മുരളീകൃഷ്ണ 27 ലേക്കു മാറ്റി. പൊലീസ് റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്നാണു ഹര്‍ജി മാറ്റിയത്.