തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനത്തിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശിയായ രമണ്‍ജിത്ത് സിങ്ങി(37)നെയാണ് മ്യൂസിയം പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സുകളുടെ മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ടാണ് ഇയാള്‍ കേരളത്തിലെത്തിയതെന്നാണ് പോലീസിനോടു പറഞ്ഞത്. ഇതേ ആവശ്യത്തിനായി മുമ്പും രമണ്‍ജിത്ത് കേരളത്തില്‍ എത്തിയിട്ടുണ്ട്. രമണ്ജിത്തിന്റെ കുടുംബം ഇപ്പോള്‍ മീററ്റിലാണ് താമസം. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് ഇയാള്‍ പറയുന്നത്. വാഹനത്തില്‍ നിയമപരമല്ലാതെ എഴുതിയതിനും വാഹനം ഉപേക്ഷിച്ച് പോയതിനുമുള്ള കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഇയാള്‍ രോഗിയാണെന്നാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചത്. രണ്ടുതവണ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയ രമണ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പോലീസ് പറയുന്നു. ബന്ധുക്കളോട് കേരളത്തിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇവര്‍ വന്ന ശേഷം രമണ്‍ജിത്ത് വന്ന വാഹനം വിട്ടുനല്‍കുമെന്നും മ്യൂസിയം സി.ഐ. ധര്‍മജിത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം പട്ടത്തെ ഒരു ഹോട്ടലില്‍ നിന്നാണ് നരേന്ദ്രമോദിക്കെതിരേയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയ വാഹനം കസ്റ്റഡിയിലെടുത്തത്. ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് രമണ്‍ജിത്ത് വാഹനം ഉപേക്ഷിച്ച് ഓട്ടോയില്‍ കയറി പോവുകയായിരുന്നു. വാഹനങ്ങളുടെ സ്പെയര്സ്പാര്ട്സുകളും ഇയാളുടെ കാറില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ മറ്റു ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.