കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ കൂറുമാറാനിടയായ സാഹചര്യം 3 സാക്ഷികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കള്ളസാക്ഷി പറഞ്ഞതിനു തങ്ങളെയും കേസില്‍ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു
ഇവരെ വീണ്ടും വിസ്തരിക്കാന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്കുന്നതാണോ മജിസ്ട്രേട്ട് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച പ്രതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുന്നതാണോ കൂടുതല്‍ ഫലപ്രദമെന്നറിയാന്‍ അന്വേഷണ സംഘം നിയമോപദേശം തേടി.
ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതില്‍ വിചാരണക്കോടതിയുടെ നിലപാട് അനുകൂലമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 7 സാക്ഷികളെ വീണ്ടും വിസ്തരിക്കാനും 9 സാക്ഷികളെ പട്ടികയില്‍ ചേര്‍ത്തു പുതുതായി വിസ്തരിക്കാനും പ്രോസിക്യൂഷന് നല്കിയ അപേക്ഷയില്‍ 4 പേരെ മാത്രം വിസ്തരിക്കാനുള്ള അനുമതിയാണു വിചാരണക്കോടതി നല്‍കിയത്. ഇതേ തുടര്‍ന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍.അനില്‍കുമാര്‍ കോടതി ബഹിഷ്കരിക്കുകയും തുടര്‍ന്ന് രാജി നല്‍കുകയും ചെയ്തു.