തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കല്‍ പണം നല്‍കാതെ കൊണ്ടുപോയ ശില്‍പങ്ങള്‍ ശില്‍പി സുരേഷിനു മടക്കി നല്‍കി. കോടതി ഉത്തരവ് അനുസരിച്ച് ക്രൈംബ്രാഞ്ചാണു ശില്‍പങ്ങള്‍ മടക്കി നല്‍കിയത്. തട്ടിപ്പു കേസില്‍ മോന്‍സന്‍ അറസ്റ്റിലായതോടെയാണു ശില്‍പങ്ങള്‍ വിട്ടുകിട്ടാന്‍ സുരേഷ് കോടതിയെ സമീപിച്ചത്. 9 ശില്‍പങ്ങളാണ് കോടതി വിധിയെ തുടര്‍ന്നു കൈമാറിയത്.
മൂന്നു വര്‍ഷം മുന്‍പാണു പണം പൂര്‍ണമായി നല്‍കാതെ മോന്‍സന്‍ ശില്‍പങ്ങള്‍ കൈക്കലാക്കിയത്. 9 ശില്‍പങ്ങള്‍ക്ക് 80 ലക്ഷം രൂപയാണു വാഗ്ദാനം ചെയ്തത്. ആദ്യം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീടു നല്‍കാമെന്നായിരുന്നു വാഗ്ദാനം. മോന്‍സന്‍ അറസ്റ്റിലായതോടെ ശില്‍പങ്ങള്‍ വിട്ടുകിട്ടാന്‍ സുരേഷ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഈഞ്ചയ്ക്കല്‍ ക്രൈം ബ്രാഞ്ച് ഓഫിസില്‍ വച്ചാണു ശില്‍പങ്ങള്‍ സുരേഷിനു കൈമാറിയത്.
വിശ്വരൂപം -1, കുണ്ഡലകേശന്‍ -1, വേളാങ്കണ്ണി മാതാവിന്റെ ശില്‍പം- 1, കാണ്ടാമൃഗത്തിന്റെ തടിയിലെ രൂപം-1, യേശുദേവന്റെ ശില്‍പം, കുതിരയുടെ കരകൗശല രൂപം – 2, ശ്രീകൃഷ്ണന്റെ ശില്‍പം -1, സിംഹത്തിന്റെ കരകൗശല രൂപം -1 എന്നിവയാണു തിരികെ ലഭിച്ചത്. കേസ് അവസാനിച്ചാല്‍ മാത്രമെ ശില്‍പങ്ങള്‍ വില്‍ക്കാന്‍ ശില്‍പിക്ക് അനുവാദം ലഭിക്കൂ. ശില്‍പങ്ങള്‍ നിര്‍മിച്ചു നല്‍കി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണു താനെന്ന് സുരേഷ് പറഞ്ഞു. പണിത ശില്‍പങ്ങള്‍ പഴക്കം തോന്നിക്കാന്‍ മോന്‍സന്‍ രൂപമാറ്റം വരുത്തി. ചിലതില്‍ പെയിന്റ് ചെയ്‌തെന്നും സുരേഷ് പറഞ്ഞു.