അടൂര്‍: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് വശികരിക്കുകയും വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഏനാദിമംഗലം മാരൂര്‍ കണ്ടത്തില്‍പറമ്പില്‍ വീട്ടില്‍ ആര്. അജിത്ത് (21) ആണ് അടൂര്‍ പോലീസിന്റെ പിടിയിലായത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ പ്രതി വശത്താക്കുകയായിരുന്നു. തുടര്‍ന്ന് ഈ ജനുവരി നാലിന് രാത്രി 11 മണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിന് വിധേയയാക്കി.
ഇത് മൊബൈലില്‍ പകര്‍ത്തിയ ശേഷം, ചിത്രവും മറ്റും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്.
ഡി വൈ എസ് പി അര് ബിനുവിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്ക് പുറമെ എസ് ഐ മാരായ മനീഷ്, ബിജു ജേക്കബ്, സി പി ഓ മാരായ സൂരജ്, റോബി, ശ്രീജിത്ത്, അനൂപ എന്നിവരാനുണ്ടായിരുന്നത്.