തൊടുപുഴ: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ പ്രവേശിച്ചു. ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായാണ് നിയമനം. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ ഓഫിസിലെത്തിയാണ് ചുമതലയേറ്റത്.
ഇന്ത്യയില്‍ 10 ലക്ഷം ആദിവാസി കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്ന ‘സദ്ഗൃഹ’ പദ്ധതിയാണു സംഘടന നിലവില്‍ ഏറ്റെടുത്തിരിക്കുന്നത്. അട്ടപ്പാടിയില്‍ 300 വീടുകള്‍ പൂര്‍ത്തിയാക്കി. സേലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വാമി ആത്മ നമ്പിയാണ് അധ്യക്ഷന്‍. മുന്‍ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാര്‍ നേരത്തെ അധ്യക്ഷനായിരുന്നു.
കേസുകളും വിവാദങ്ങളും സ്വപ്നയുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സാമൂഹികസേവന രംഗത്തെ താല്‍പര്യവും പ്രവര്‍ത്തനശേഷിയും ഉപകാരപ്പെടുത്തുക മാത്രമാണ് എച്ച്ആര്‍ഡിഎസിന്റെ ലക്ഷ്യമെന്നും സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു.