ആലപ്പുഴ: ഇരട്ടക്കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ പോലീസിന്റെ വ്യാപക പരിശോധന. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു എസ്.ഡി.പി.ഐ. ആംബുലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു. 11 എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും കസ്റ്റഡിയിലുള്ളതായാണ് സൂചന. ഇതില്‍ നാല് പേരെ ആംബുലന്‍സില്‍നിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
അതേസമയം, എത്രപേരാണ് കസ്റ്റഡിയിലുള്ളത് എന്നത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് കൃത്യമായ മറുപടി നല്‍കിയില്ല. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ അക്രമികള്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലിട്ട് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ദേഹമാസകലം നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.
ഷാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷമാണ് വെട്ടിക്കൊന്നത്. അക്രമികള്‍ വന്ന വാഹനത്തിന്റെയും കൊലപാതകത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.