പതിനാലാം മൈലിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച ലക്ഷ്മി പ്രിയ ശരിക്കും ആരാണ്? ഒപ്പം താമസിച്ചിരുന്ന അനില്‍ ആനന്ദന് മരണത്തില്‍ എന്തെങ്കിലും പങ്കുണ്ടോ? അനാഥയായ ആറു വയസുകാരിക്ക് ആരാണിനി തുണ? അടൂര്‍ പൊലീസിനെ കുഴക്കി യുവതിയുടെ ആത്മഹത്യ: ബന്ധുക്കളെ തിരക്കി പത്രപ്പരസ്യം നല്‍കി പൊലീസ്

1 second read
0
0

അടൂര്‍: കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് പതിനാലാം മൈല്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിനു സമീപം കളീയ്ക്ക മംഗലത്തു വീട്ടില്‍ കുഞ്ഞുകുഞ്ഞമ്മ എന്ന സ്ത്രീയുടെ ഉടമസ്ഥതയില്‍ ഉള്ള വീട്ടില്‍ ലക്ഷ്മി പ്രിയ (42) എന്ന യുവതി തൂങ്ങി മരിക്കുന്നു. ഭര്‍ത്താവ് അനില്‍ ആനന്ദനും ആറു വയസുള്ള മകള്‍ക്കുമൊപ്പമായിരുന്നു ലക്ഷ്മി പ്രിയയുടെ താമസം. അസ്വാഭാവിക മരണത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ എത്തിയ പൊലീസിനോട് അനില്‍ ആനന്ദന്‍ പറയുന്നു ലക്ഷ്മി പ്രിയ നിയമപരമായി തന്റെ ഭാര്യയല്ല. ഒപ്പമുള്ള പെണ്‍കുട്ടിയുടെ പിതാവ് താനല്ല.

ആകെ കുഴങ്ങിയ അടൂര്‍ പൊലീസ് ലക്ഷ്മിപ്രിയയുടെ മൃതദേഹം സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ വിശദാംശങ്ങള്‍ തേടി പത്രപ്പരസ്യവും നല്‍കി. ആദ്യ ഭര്‍ത്താവെന്ന് പറയുന്നയാള്‍ തേടി വന്നെങ്കിലും മൃതദേഹം ഏറ്റു വാങ്ങുകയോ കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യാതെ മടങ്ങി. കുട്ടിയെ ബാലസദനത്തിലാക്കിയ പൊലീസ് ആകെ ധര്‍മ സങ്കടത്തിലാണ്.

വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതു വരെ കിട്ടിയിട്ടില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തീര്‍ച്ചയില്ല. ഇതിലൊക്കെ ഉപരിയായി മരിച്ചയാള്‍ ആരെന്ന് ഇതു വരെ ഉറപ്പിക്കാനായിട്ടില്ല. ലക്ഷ്മിപ്രിയ, 42 വയസ് എന്നു മാത്രം അറിയാം. ഈ ഒരു സൂചനയും വച്ച് മൃതദേഹവും അനാഥയായിപ്പോയ ആറു വയസുകാരിയെയും ഏറ്റെടുക്കാന്‍ ഒരാളെ തേടുകയാണ് പൊലീസ്.

പതിനാലാം മൈല്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിനു സമീപം കളീയ്ക്ക മംഗലത്തു വീട്ടില്‍ കുഞ്ഞുകുഞ്ഞമ്മ എന്ന സ്ത്രീയുടെ ഉടമസ്ഥതയില്‍ ഉള്ള വീട്ടില്‍ ഏഴംകുളം തേപ്പുപാറ അജിവിലാസത്തില്‍ അനില്‍ ആനന്ദ(48)നൊപ്പമാണ് ലക്ഷ്മി പ്രിയയും ആറു വയസുള്ള മകളും കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. അങ്ങനെയിരിക്കേ മാര്‍ച്ച് ഒമ്പതിന് രാത്രി ഏഴിനും എട്ടിനുമിടയിലാണ് വാടക വീടിന്റെ അടുക്കളയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. അതു വരെ ലക്ഷ്മിപ്രിയയും അനിലും ഭാര്യാ-ഭര്‍ത്താക്കന്മാരാണെന്നാണ് വീട്ടുടമ കരുതിയിരുന്നത്. ലക്ഷ്മിപ്രിയ ജീവനൊടുക്കുകയും പൊലീസ് അനിലിനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് ഇവര്‍ വിവാഹിതരല്ലെന്നും ഒപ്പമുള്ള കുട്ടി അയാളുടെ മകള്‍ അല്ലെന്നും മനസിലാകുന്നത്.

എന്നാല്‍ കുട്ടിക്ക് അനിലിനോട് പിതാവിന് സമമായ അടുപ്പമുണ്ടായിരുന്നു താനും. ഇന്‍ഫെര്‍ട്ടിലിറ്റി ചികില്‍സാ കേന്ദ്രമായ ലൈഫ് ലൈന്‍ ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ചികില്‍സയിലാണെന്നും പോയി വരാനുള്ള ബുദ്ധിമുട്ടു കൊണ്ട് വാടകവീട് എടുക്കുന്നുവെന്നുമാണ് ഉടമയായ വയോധികയോട് അനിലും യുവതിയും പറഞ്ഞിരുന്നത്. കുഞ്ഞുകുഞ്ഞമ്മ ഈ വിവരം വിശ്വസിക്കുകയും ചെയ്തു. അനിലാകട്ടെ ചുരുങ്ങിയ സമയം കൊണ്ട് കുഞ്ഞുകുഞ്ഞമ്മയുടെ വിശ്വാസമാര്‍ജിച്ചു. അവര്‍ക്ക് വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തു. അതു കൊണ്ടു തന്നെ അനിലും ലക്ഷ്മിപ്രിയയുമായി അസ്വാരസ്യം ഉണ്ടായിരുന്നുവോ എന്ന് പൊലീസിന് കൃത്യമായി മൊഴി നല്‍കാന്‍ കുഞ്ഞുകുഞ്ഞമ്മ തയാറായിരുന്നില്ല.

അനില്‍ ദീര്‍ഘകാലം ജോലിക്ക് ശേഷം ഗള്‍ഫില്‍ നിന്ന് മടങ്ങി വന്നയാളാണ്. ഭാര്യ മരിച്ചു പോയി. ഒരു മകനുള്ളത് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. വീട്ടുകാരുമായി വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. താന്‍ ഗള്‍ഫില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് സ്വന്തമായി നിര്‍മിച്ച വീട് ഏഴംകുളത്തുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തി.

ലക്ഷ്മി പ്രിയയെ നാലു മാസം മുമ്പ് കേരള മാട്രിമോണിയല്‍ വഴി കണ്ടെത്തുകയായിരുന്നുവെന്നാണ് അനില്‍ പൊലീസിനോട് പറഞ്ഞത്. ലക്ഷ്മി പ്രിയ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന എറണാകുളം ഒലിമുകളില്‍ സുരേന്ദ്രന്‍ എന്നയാളുടെ വീട്ടില്‍ നിന്നും കുട്ടിയോടൊപ്പം കൂട്ടിക്കൊണ്ടു വരികയായിരുന്നെന്നും അനില്‍ പറയുന്നു.

ലക്ഷ്മിപ്രിയ അനാഥയാണെന്നാണത്രേ അനിലിനോട് പറഞ്ഞിരുന്നത്. ബംഗളൂരുവിലുളള ഒരു ചിറ്റപ്പനാണ് വളര്‍ത്തിയിരുന്നതെന്നും അദ്ദേഹത്തിന്റെ
മരണശേഷം 10 വര്‍ഷം മുന്‍പ് കേരളത്തിലേക്ക് വരികയായിരുന്നുവെന്നും ആലുവയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ചുവെന്നും മാത്രമേ തന്നോട് പറഞ്ഞിട്ടുള്ളു എന്നും അനില്‍ പറയുന്നു.

ലക്ഷ്മിപ്രിയ വൈഫ് ഓഫ് രാമസുബ്ബയ്യ, നമ്പര്‍ 340, നയന്‍ത് ക്രോസ്, ശാസ്ത്രി നഗര്‍, ബാംഗളൂര്‍ സൗത്ത്, ത്യാഗരാജ് നഗര്‍ കര്‍ണാടക 560028 എന്നാണ് പൊലീസ് കണ്ടെത്തിയ ആധാര്‍ രേഖകളിലുള്ളത്.

ഈ വിലാസത്തിലുള്ള രാമസുബ്ബയ്യയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ബംഗളൂരുവിലെ ഒരു ടെക്സ്റ്റയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇയാളുമായി ലക്ഷ്മി പ്രിയ അടുപ്പത്തിലാകുന്നത്. ഈ വകയിലുള്ളതാണ് കുട്ടിയെന്ന് പറയുന്നു. പിന്നീട് ഇയാളെ ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയത്രേ. രാമസുബ്ബയ്യ വേറെ വിവാഹം കഴിച്ച് മക്കളുമായി കഴിയുന്നു. അതിനാല്‍ തന്നെ അയാള്‍ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറായിട്ടില്ല.

ഒരു പാട് ദുരൂഹതകള്‍ ലക്ഷ്മി പ്രിയയെയും അനിലിനെയും ചുറ്റിപ്പറ്റിയുണ്ട്. പൊലീസിന്റെ ഇയാളെ ആദ്യം സംശയിച്ചിരുന്നില്ല. കുട്ടിയെ ഇയാള്‍ക്കൊപ്പം വിടാന്‍ ആദ്യം ആലോചിച്ചിരുന്നു. അനില്‍ മികച്ച ഒരു നടനാണെന്ന് പൊലീസിന് തോന്നിയതോടെ ആ പദ്ധതി മാറ്റി. കുട്ടിയെ ബാലമന്ദിരത്തിന്റെ സംരക്ഷണയിലേക്ക് മാറ്റി. പൊലീസ് തന്നെ സംശയിക്കുന്നുവെന്ന് വന്നതോടെ അനില്‍ ആത്മഹത്യാ നാടകവും നടത്തി. അമിതമായി ഗുളിക കഴിച്ചായിരുന്നു ഇത്. എന്നിട്ട് ഇയാള്‍ തന്നെ മറ്റുള്ളവരെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ ഗുളിക കഴിച്ച വിവരം പറയുകയും ചെയ്തു. ഇതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ലക്ഷ്മിപ്രിയയെ അനില്‍ നന്നായി ഉപദ്രവിച്ചിരുന്നുവെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയെന്ന് പറയുന്നു. കഴുത്തെല്ലിന് പൊട്ടലുമുണ്ട്. പക്ഷേ, ശാരീരികമായി ഉപദ്രവിച്ച ലക്ഷണമില്ല. അനിലിന്റെ പീഡനം കാരണം യുവതി ജീവനൊടുക്കിയെന്ന സംശയമാണ് പൊലീസിനുളളത്. പക്ഷേ, അതിനുള്ള തെളിവുകള്‍ കണ്ടെത്തുക പൊലീസിന് വെല്ലുവിളിയാണ്. അതിലും വലിയ വെല്ലുവിളിയാണ് ലക്ഷ്മി പ്രിയയുടെ ബന്ധുക്കളെ കണ്ടെത്തുക എന്നത്. കൂടുതല്‍ നാള്‍ പൊലീസിന് മൃതദേഹം സൂക്ഷിക്കാന്‍ കഴിയില്ല. ഉടന്‍ തന്നെ സംസ്‌കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…