ഇസ്ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ ഇമ്രാന്‍ ഖാനെതിരെ അന്വേഷണവുമായി പാകിസ്താന്‍ അന്വേഷണ ഏജന്‍സി. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലവരുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് വിറ്റു എന്ന കേസിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഇത്തരം വിലകൂടിയ ഉപഹാരങ്ങള്‍ സര്‍ക്കാരിന്റെ ഉപഹാര ശേഖരമായ തേഷ-ഖാനായിലേക്ക് കൈമാറണമെന്നാണ് ചട്ടം. എന്നാല്‍ ഈ നെക്ലേസ് ഇമ്രാന്‍ ഖാന്‍ സ്പെഷല്‍ അസിസ്റ്റന്റ് സുല്‍ഫികര്‍ ബുഹാരിക്ക് കൈമാറുകയും ഇദ്ദേഹം ഇത് ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വില്‍ക്കുകയുമായിരുന്നെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ഉപഹാരങ്ങള്‍ പകുതി പണം അടച്ചാല്‍ ഭരണാധികാരിക്ക് സ്വന്തമാക്കാം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇത്തരത്തില്‍ പകുതി പണം അടക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.