ഇസ്ലാമാബാദ്: അധികാരത്തില്‍നിന്നു പുറത്തായതിനു പിന്നാലെ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വിഷയങ്ങളില്‍ വിചാരണ നേരിടേണ്ടി വന്നേക്കുമെന്നു സൂചനകള്‍. രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇമ്രാന്‍ ഖാന്റെയും കൂട്ടാളികളുടെയും ഭാഗത്തുനിന്നുണ്ടായതെന്നും അതിനാല്‍ അദ്ദേഹത്തിനുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് വിവിധ കോടതികളിലായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
സൈന്യവും ഇമ്രാനുമായി ഉടക്കിയതിനാല്‍ അദ്ദേഹത്തിനെതിരെ ഈ കുറ്റങ്ങള്‍ ചുമത്തപ്പെടാന്‍ സാധ്യതയേറെയാണെന്ന് പാക്ക് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, ഇമ്രാന്‍ ഖാനെതിരെ പാക്ക് ഭരണഘടനയുടെ ആറാം വകുപ്പ് അനുസരിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന ഒരു ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.
എന്നാല്‍ അതിനു പിന്നാലെ സംഘടനകളും വ്യക്തികളും ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ജികളുമായി വിവിധ കോടതികളെ സമീപിക്കുകയായിരുന്നു. ബലമുപയോഗിച്ചോ അല്ലാതെയോ ഏതെങ്കിലും വിധത്തില്‍ രാജ്യത്തിന്റെ ഭരണഘടനയെ അവമതിക്കാനോ അട്ടിമറിക്കാനോ ശ്രമിക്കുന്നത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണ് എന്നാണ് പാക്ക് ഭരണഘടനയുടെ ആറാം വകുപ്പ് പറയുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് തടയാന്‍ ഇമ്രാന്‍ ഖാനും കൂട്ടരും ശ്രമിച്ചെന്നതു തന്നെ രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നടത്താന്‍ മതിയായ കാരണമെന്നാണ് വിലയിരുത്തല്‍. ഇമ്രാനു പുറമെ പാക്ക് പ്രസിഡന്റ് ആരിഫ് അല്‍വി, ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് കൈ്വസര്‍, ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം ഷാ സൂരി, മന്ത്രിമാരായിരുന്ന ഷാ മുഹമ്മദ് ഖുറേഷി, ഫവാദ് ചൗധരി എന്നിവരാണ് പ്രധാനമായും പ്രതിക്കൂട്ടില്‍.
വോട്ടെടുപ്പ് നടക്കുന്നത് ഒഴിവാക്കാന്‍ രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് പിരിച്ചുവിടുകയാണ് അന്ന് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ നാലു ദിവസത്തെ വാദത്തിനൊടുവില്‍ ഇമ്രാന്‍ ഖാന്റെയും കൂട്ടരുടേയും നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പാര്‍ലമെന്റ് പുനഃസ്ഥാപിക്കുകയും വോട്ടെടുപ്പ് നടപടികള്‍ നടത്താന്‍ ഉത്തരവിടുകയുമായിരുന്നു.