എലപ്പുള്ളിയിലും പാലക്കാട് നഗരത്തിലും നടന്ന രണ്ട് കൊലപാതകങ്ങള്‍ തടയാന്‍ കഴിയാതെപോയത് പോലീസിന്റെ ജാഗ്രതക്കുറവാണെന്ന് ആരോപണം

2 second read
0
0

പാലക്കാട്: എലപ്പുള്ളിയിലും പാലക്കാട് നഗരത്തിലും നടന്ന രണ്ട് കൊലപാതകങ്ങള്‍ തടയാന്‍ കഴിയാതെപോയത് പോലീസിന്റെ ജാഗ്രതക്കുറവാണെന്ന ആരോപണം ശക്തമാണ്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈറിനെ (43) വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എലപ്പുള്ളിയില്‍വെച്ച് കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജീവന് ഭീഷണിയുണ്ടായിരുന്നെന്നും മുമ്പും ആക്രമണശ്രമമുണ്ടായെന്നും സുബൈറിന്റെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പോലീസില്‍ നേരത്തെ അറിയിച്ചിരുന്നതായും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

സുബൈറിന്റെ കൊലപാതകത്തിനുശേഷം ജില്ലയിലെ ക്രമസമാധാന സാഹചര്യം ഏറെ കലുഷിതമായി. സംഭവത്തിനുപിന്നാലെ വിവിധ ജില്ലകളില്‍നിന്നടക്കം നിരവധി എസ്.ഡി.പി.ഐ.-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജില്ലയിലേക്ക് ഒഴുകിയെത്തി. ഇതിനിടെ, സംഭവത്തിനുപിന്നില്‍ ആര്‍.എസ്.എസ്.-സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന ആരോപണവുമായി എസ്.ഡി.പി.ഐ. രംഗത്തെത്തി. സംഭവത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറും ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസും പ്രഖ്യാപിക്കുകയുംചെയ്തു.
ഇതിനിടെ, പാലക്കാട് പട്ടണത്തില്‍ ചിലര്‍ പ്രകോപനപരമായ സാഹചര്യമുണ്ടാക്കി സഞ്ചരിക്കുന്നതായി പരാതികളുയര്‍ന്നെങ്കിലും പോലീസ് സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ കാര്യമായ പിക്കറ്റിങ് ഏര്‍പ്പെടുത്താനോ നിരീക്ഷണത്തിനോ മുതിര്‍ന്നില്ലെന്നും ആരോപണമുണ്ട്. എലപ്പുള്ളി മേഖലയില്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ പോലീസ് ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ അവിടെനിന്ന് 13 കിലോമീറ്റര്‍മാത്രം ദൂരത്തുള്ള മേലാമുറിയിലാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

പാലക്കാട് പട്ടണത്തില്‍തന്നെ പ്രത്യേകശ്രദ്ധ ആവശ്യമായിരുന്ന മേലാമുറിയില്‍ കൃത്യമായ നിരീക്ഷണത്തിനുശേഷമാണ് അക്രമിസംഘം ആക്രമണം അഴിച്ചുവിട്ടത്. തിരക്കേറിയ ഇവിടെ ഉച്ചസമയത്തുമാത്രമാണ് ഗതാഗതം കുറയുന്നത്. എട്ടുവര്‍ഷത്തോളമായി ഇവിടെ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകളുടെ കച്ചവടം നടത്തിവരികയാണ് ശ്രീനിവാസന്‍ (45). കടുത്തചൂടില്‍ ഉച്ചയ്ക്ക് കടയില്‍ ആളുകുറവായ സമയത്താണ് രണ്ട് ബൈക്കുകളിലും സ്‌കൂട്ടറിലുമായി അക്രമിസംഘമെത്തിയത്. വാഹനങ്ങള്‍ കടയുടെ മുന്നില്‍ നിര്‍ത്തുകയും പിന്നിലിരുന്നവര്‍ മാരകായുധങ്ങളുമായി ചാടിയിറങ്ങി അക്രമം നടത്തുകയുമായിരുന്നു.

മൂന്നുപേരാണ് കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കടയുടെ മുന്‍വശത്ത് വില്പനയ്ക്കുള്ള ബൈക്കുകള്‍ അടുത്തടുത്ത് നിര്‍ത്തിയിരിക്കുന്നതിനാല്‍ രണ്ടുവശത്തുകൂടിയുമാണ് ഉള്ളിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ഈ രണ്ടിടത്തുകൂടിയും ഉള്ളില്‍ കടന്ന അക്രമിസംഘം വളരെ വേഗംതന്നെ പുറത്തിറങ്ങി സ്റ്റാര്‍ട്ടാക്കിനിര്‍ത്തിയ വാഹനങ്ങളില്‍ കയറി രക്ഷപ്പെടുന്നത് കടയ്ക്ക് എതിര്‍വശത്തുള്ള ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അക്രമികള്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളുടെയും സ്‌കൂട്ടറിന്റെയും നമ്പറടക്കമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

തലയ്ക്കും ഇരുകാലുകള്‍ക്കും സാരമായി പരിക്കേറ്റ ശ്രീനിവാസനെ സമീപത്തുണ്ടായിരുന്ന കാറില്‍ അടുത്ത കടക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമം നടന്ന് കുറച്ചുസമയത്തിനുശേഷമാണ് പോലീസ് സ്ഥലത്തെത്തുന്നതും ആളുകളെ നിയന്ത്രിച്ച് സ്ഥലത്തിന്റെ നിയന്ത്രണമേറ്റെടുക്കുന്നതും.

 

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…