പത്തനംതിട്ട: പത്തനംതിട്ട-ബംഗളൂരു സൂപ്പര്‍ ഡീലക്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഷാജഹാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നാല് സ്റ്റേഷനുകളിലായി 10 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജഹാന്‍. ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്രയും ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ എങ്ങനെ ഇത്രയും കാലം സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ന്നുവെന്നത് സംബന്ധിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇയാളെ സംരക്ഷിച്ചു വന്ന കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നീളുന്നുണ്ട്. ചിറ്റാര്‍അഞ്ച്, പത്തനംതിട്ട രണ്ട്, കോന്നിഒന്ന്, ഈരാറ്റുപേട്ടഒന്ന്, പെരുനാട്ഒന്ന് എന്നിങ്ങനെയാണ് ഷാജഹാന്‍ പ്രതിയായ പൊലീസ് കേസുകള്‍ ഉള്ളത്. ഇതില്‍ ഈരാറ്റുപേട്ടയിലെ പിടിച്ചുപറിക്കേസില്‍ ഒരു വര്‍ഷം ഇയാളെ കോടതി ശിക്ഷിച്ചിട്ടുമുണ്ട്. രണ്ടു പവന്റെ സ്വര്‍ണമാല പിടിച്ചു പറിച്ചതാണ് കേസ്. ഡ്യുട്ടിക്കിടെയുണ്ടാക്കിയ കേസുകള്‍ ആണ് ഏറെയും. മോഷണം, പിടിച്ചു പറിക്കേസുകളിലാണ് ഇയാള്‍ കൂടുതലും ഉള്‍പ്പെട്ടിട്ടുള്ളത്.
ചിറ്റാര്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദിച്ചതടക്കമുള്ള കേസുകളില്‍ ഷാജഹാന്‍ പ്രതിയാണ്. ഇപ്പോഴത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കുറിച്ച് പരിശോധിച്ച രഹസ്യാന്വേഷണ വിഭാഗം ഇയാള്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ്. ഇത്രത്തോളം ക്രിമിനല്‍ ആയ ഒരു ജീവനക്കാരന്‍ പ്രധാനപ്പെട്ട റൂട്ടുകളില്‍ കണ്ടക്ടര്‍ കം ഡ്രൈവറായിട്ട് ജോലിക്കു പോകുന്നത് ഗോവിന്ദച്ചാമിയെ റെയില്‍വേയില്‍ ടിടിആര്‍ ആക്കിയതിന് തുല്യമായതഒ പോലെയാണെന്ന് ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. വനിതാ കണ്ടക്ടര്‍മാരോട് അടക്കം അപമര്യാദയായി പെരുമാറിയിട്ടുണ്ട് ഇയാളെന്ന പരാതിയും മുന്‍പ് ഉണ്ടായിരുന്നു.
ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ വാദിക്കും കേസ് എടുക്കുന്ന ഉദ്യോഗസ്ഥനുമെതിരേ കൗണ്ടര്‍ കേസുമായി പോകുന്നത് ഷാജഹാന്റെ പതിവാണ്. കെഎസ്ആര്‍ടിസി വിജിലന്‍സിലെ അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരേ ഇത്തരത്തില്‍ ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്. ചിറ്റാര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരേ അടക്കം പരാതി നല്‍കിയിരുന്നു. കുറ്റം ചെയ്ത ശേഷം വാദിയെയും കേസെടുക്കുന്ന പൊലീസുകാരെയും തനിക്ക് മുകളിലുള്ള കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെയും പ്രതിയാക്കി കേസ് കൊടുക്കുന്നത് ഇയാളുടെ പതിവാണ്. ഇതു കാരണം, ഇയാള്‍ക്കെതിരേ നടപടി എടുക്കാനും സംസാരിക്കാനും മേലുദ്യോഗസ്ഥര്‍ മടിക്കുകയാണ്.
ക്രിമിനലായ ഒരു ജീവനക്കാരന്‍ സര്‍വീസില്‍ തുടരുന്നതിന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറയുന്ന ന്യായം ഇയാള്‍ മികച്ച വരുമാനം ഉണ്ടാക്കുന്നുവെന്നാണ്. എന്നാല്‍ ഇത് തെറ്റായ വാദമാണെന്ന് ജീവനക്കാര്‍ പറയുന്നു.