ചെറുവത്തൂര്‍: കാസര്‍കോട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായവരില്‍ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ചെറുവത്തൂരിലെ കൂള്‍ബാര്‍ സന്ദര്‍ശിച്ചു.
വിദേശത്തുള്ള കൂള്‍ ബാര്‍ ഉടമയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഉടമയെ പ്രതി ചേര്‍ക്കും. രണ്ടു പേര്‍ കേസില്‍ പിടിയിലായി. മൂന്നാമതൊരാള്‍ ഒളിവിലാണ്. ഐഡിയല്‍ ഫുഡ്പോയിന്റ് എന്ന സ്ഥാപനത്തില്‍ ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരന്‍ ഉള്ളാളിലെ അനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കരിവെള്ളൂര്‍ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകള്‍ ഇ.വി.ദേവനന്ദ (16) ആണു മരിച്ചത്.
ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30ന് എ.വി.സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇഎംഎസ് മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലാണുള്ളത്.