കേരളത്തെ നടുക്കിയ രണ്ടു കൊലപാതകങ്ങളിലും രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ

0 second read
0
0

ആലപ്പുഴ: കേരളത്തെ നടുക്കിയ രണ്ടു കൊലപാതകങ്ങളിലും രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കേസുകളില്‍ പങ്കുണ്ടെന്നു സംശയിക്കുന്നവരെക്കുറിച്ചു വിശദമായി അന്വേഷിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകം നടന്നതിനു പിന്നില്‍ കാലേക്കൂട്ടിയുള്ള ആസൂത്രണമുണ്ടെന്നാണു പൊലീസിന്റെ നിഗമനം.

ഇക്കഴിഞ്ഞ ഫെബ്രുവരി 24നു വയലാര്‍ നാഗംകുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടിക്കുള്ള സാധ്യത സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിച്ചിരുന്നു. കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണെന്ന സൂചനയാണ് പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിനുള്ളത്. ഇത്തരത്തില്‍ തിരിച്ചടിയുണ്ടായാല്‍ എന്തു ചെയ്യണമെന്ന് എതിര്‍പക്ഷത്തും ആലോചന നടന്നിരുന്നുവെന്നു പൊലീസ് ഇപ്പോള്‍ കരുതുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരമൊരു നീക്കമുണ്ടാകുമെന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നില്ല.

ഷാനിനെ കൊലപ്പെടുത്തുന്നതിനു മുന്‍പ് വീടിനു പരിസരത്ത് അപരിചിതരായ ചിലര്‍ നിരീക്ഷണത്തിനെത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുന്‍പ് ഒരു അപരിചിതന്‍ ഷാനിനെ അന്വേഷിച്ച് എത്തിയിരുന്നതായും ഭാര്യ ഫന്‍സില പറഞ്ഞു. തിരുവന്തപുരത്തുനിന്ന് ഇന്‍ഷുറന്‍സിന്റെ വിവരങ്ങള്‍ തിരക്കി വന്നതാണെന്നാണു പറഞ്ഞത്. പ്രധാന വഴിയിലൂടെയെത്തി ഷാനിന്റെ വിവരങ്ങള്‍ മുഴുവന്‍ ചോദിച്ചറിഞ്ഞ അപരിചിതന്‍ പുറകുവശത്തെ വഴിയിലൂടെ തിരികെപ്പോയതില്‍ സംശയം തോന്നിയ ഫന്‍സില കാര്യങ്ങള്‍ അപ്പോള്‍ തന്നെ ഭര്‍ത്താവിനെ അറിയിച്ചിരുന്നു. സംശയം തോന്നിയെങ്കിലും കാര്യമായെടുക്കാതെ ഷാന്‍ അതു വിട്ടെന്നും ഫന്‍സില പറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷാനിന്റെ വീടിനോടു ചേര്‍ന്ന വഴിയില്‍ അപരിചിതരെ കണ്ടെന്നും ശബ്ദം കേട്ടു രാത്രി ലൈറ്റിട്ടപ്പോള്‍ വാഹനങ്ങള്‍ പോയതായും അയല്‍ക്കാര്‍ പറഞ്ഞു.

ഷാനിനു നേരെ ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ രണ്‍ജീത് ശ്രീനിവാസിന്റെ വീടിനു പരിസരത്തു ചിലര്‍ നിരീക്ഷണത്തിനെത്തിയിരുന്നുവെന്നാണു വിവരം. അവരാണ് ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്നു പൊലീസ് കരുതുന്നു. ആക്രമണത്തില്‍ രണ്‍ജീതിന്റെ തലയോട്ടി പൊട്ടി തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ടെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. നെഞ്ചിലേറ്റ കുത്തിലൂടെ കരളിനും മുറിവേറ്റു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ ബാര്‍ അസോസിയേഷനിലും വീട്ടിലും പൊതുദര്‍ശനത്തിനു വച്ചു. അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിലെയും വിവിധ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലമായ അന്വേഷണ സംഘം രൂപീകരിച്ചു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…