വാഷിങ്ടന്‍: ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹെഡ്. ഇരുവരും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണയ്ക്കിടെയാണ് ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ആംബര്‍ ഹെഡ് ഉയര്‍ത്തിയത്. ജോണി ഡെപ്പ് പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും ആംബര്‍ ഹെഡ് മൊഴി നല്കി. ജോണി ഡെപ്പിന്റെ ക്രൂരതകള്‍ വിവരിക്കുമ്പോള്‍ ആംബര്‍ ഹെഡ് കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു.
2015ല്‍ വിവാഹിതരായശേഷം ഒരു മാസം മാത്രം പിന്നിട്ടപ്പോഴാണ് ജോണി ഡെപ്പ് തന്നെ കുപ്പി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് മുപ്പത്തിയാറുകാരിയായ ആംബര്‍ ഹെഡിന്റെ ആരോപണം. മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോടതിയില്‍ മൊഴി നല്‍കാനെത്തിയ ആംബര്‍ ഹെഡ്, ജോണി ഡെപ്പ് തന്നോടു കാട്ടിയ ക്രൂരതകള്‍ ഓരോന്നും ഓര്‍ത്തെടുത്ത് വിവരിച്ചു.
2015 മാര്‍ച്ചില്‍ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലായിരുന്ന സമയത്ത് ഡെപ്പ് ശാരീരികമായി ഉപദ്രവിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ആംബര്‍ ഹെഡ് കോടതിയില്‍ മൊഴി നല്കി. ജോണി ഡെപ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കത്തിന്റെ തുടക്കമെന്ന് ആംബര്‍ ഹെഡ് വിവരിച്ചു.
”ഡെപ്പുമായുള്ള തര്‍ക്കത്തിനിടെ മദ്യക്കുപ്പിയെടുത്ത് ഞാന്‍ നിലത്തടിച്ച് പൊട്ടിച്ചു. ഇതില്‍ കുപിതനായ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് എനിക്കുനേരെ എറിഞ്ഞു. ഭാഗ്യവശാല്‍ അത് എന്റെ ദേഹത്തു കൊണ്ടില്ല. ഇതിനിടെ ഒരു കുപ്പിയെടുത്ത് തല്ലിപ്പൊട്ടിച്ച് അത് എന്റെ കഴുത്തിനോടു ചേര്‍ത്ത് പിടിച്ച് ഡെപ്പ് ഭീഷണിപ്പെടുത്തി. എന്റെ മുഖം വികൃതമാക്കുമെന്നായിരുന്നു ഒരു ഭീഷണി. ഞാന്‍ അയാളുടെ ജീവിതം നശിപ്പിച്ചെന്ന് അലറിവിളിച്ചാണ് പൊട്ടിയ കുപ്പി കഴുത്തിനുനേരെ പിടിച്ചത്’ – ആംബര്‍ ഹെഡ് പറഞ്ഞു. മൊഴി നല്‍കുന്നതിനിടെ പലപ്പോഴും പൊട്ടിക്കരഞ്ഞ ആംബര്‍ ഹെഡ്, ഡെപ്പ് തന്റെ നൈറ്റ് ഗൗണ്‍ വലിച്ചുകീറി കുപ്പികൊണ്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നും വെളിപ്പെടുത്തി.
2018ല്‍ വാഷിങ്ടന്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ താന്‍ ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹെഡ് എഴുതിയതുമായി ബന്ധപ്പെട്ട് ജോണി ഡെപ്പാണ് 50 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഈ ലേഖനത്തില്‍ ഡെപ്പിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഗാര്‍ഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം മാനഹാനിക്ക് കാരണമായെന്നും കരിയറില്‍ വലിയ നഷ്ടങ്ങള്‍ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് താരം കേസ് ഫയല്‍ ചെയ്തത്.
ഇതിനു പിന്നാലെ ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബര്‍ ഹെഡും കേസ് ഫയല്‍ ചെയ്തു. ഡെപ്പ് തുടര്‍ച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 100 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബര്‍ ഹെഡിന്റെ പരാതി.