കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കൈവശം വെച്ചതിനാണ് അറസ്റ്റ്. തുടരാന്വേഷണത്തിന്റെ ഭാഗമായാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമാണ് ശരത്. ദിലീപ് കേസില്‍ അറസ്റ്റിലാകുമ്പോള്‍ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ്. കേസുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത് ദിലീപിന്റെ വീട്ടില്‍ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് ദിലീപും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകന് ബാലചന്ദ്രകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അതോടൊപ്പം തന്നെ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ പലതവണ കണ്ടിട്ടുള്ളതായുള്ള ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ശരത് ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി എന്നും പിന്നീട് ദൃശ്യങ്ങള്‍ നശിപ്പിച്ചു എന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.