കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരേ രൂക്ഷവിമര്‍ശനവുമായി നടന്‍ ദിലീപ്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. കേസില്‍ തുടരന്വേഷണത്തിന് ഒരുദിവസംപോലും സമയം നീട്ടിനല്‍കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപ് എതിര്‍പ്പറിയിച്ചത്.
മെമ്മറി കാര്‍ഡ് കോടതി പരിശോധിച്ചെങ്കില്‍ അതില്‍ എന്താണ് തെറ്റെന്നും ദിലീപ് ചോദിച്ചു. കേസിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അവകാശം കോടതിക്കുണ്ട്. കോടതിയുടെ നടപടിക്രമങ്ങളില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള അവകാശം ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തിന് മാത്രമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
മെമ്മറി കാര്‍ഡില്‍ പരിശോധന നടത്തേണ്ട ഒരുകാര്യവും ക്രൈംബ്രാഞ്ചിനില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ചിന് എന്ത് അധികാരമാണുള്ളതെന്നും പ്രതിഭാഗം ചോദിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കില്‍ അതിപ്പോഴാണോ അന്വേഷണ സംഘം അറിയുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു.