
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ സംബന്ധിച്ചു മുന്‍ മന്ത്രി കെ.ടി.ജലീല്‍ നല്‍കിയ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അഡി. എസ്പി സദാനന്ദനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 അംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
സ്വപ്നയുടെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കെ.ടി.ജലീല്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് പരാതി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം തേടിയശേഷം ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്താവുന്ന വകുപ്പുകളിലാണ് സ്വപ്നയ്ക്കും പി.സി.ജോര്‍ജിനുമെതിരെ കേസെടുത്തിരിക്കുന്നത്.