അടൂര്‍: വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നര വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. പിതാവ് പിന്നാലെ ചെന്നപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടിയ തമിഴ്നാട് സ്വദേശിനിയെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട് വെല്ലൂരിലാണ് വീടെന്നും മഞ്ചു(40)വെന്നാണ് പേരെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഭിക്ഷാടകയുടെ വേഷത്തിലെത്തിയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
ഇന്ന് രാവിലെ പത്തരയോടെ ഇളമണ്ണൂരിലാണ് സംഭവം. ചക്കാലയില്‍ റോജിയുടെയും ബിന്ദുവിന്റെയും മകനായ അലനെയാണ് തട്ടിക്കൊണ്ടു പോയത്. റോജി വീടിനോട് ചേര്‍ന്ന് വര്‍ക്ഷോപ്പ് നടത്തുന്നയാളാണ്. അദ്ദേഹം ജോലി ചെയ്തു കൊണ്ടിരിക്കേയാണ് ഭിക്ഷാടക അവിടെ എത്തിയത്. ഈ സമയം അലന്‍ വീട്ടുമുറ്റത്തിരുന്ന് കളിക്കുകയായിരുന്നു. ഭിക്ഷാടക പോയതിന് പിന്നാലെ കുഞ്ഞിനെ കാണാതായി. ഭിക്ഷാടകയെ സംശയിച്ച് റോജിയും ബിന്ദുവും പിന്നാലെ ഓടി.
രക്ഷിതാക്കള്‍ ഓടി വരുന്നത് കണ്ട് ഭിക്ഷാടക കുട്ടിയെ ഉപേക്ഷിച്ച് ഓടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഇവരെ മാതാപിതാക്കള്‍ പിടികൂടി പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ സ്ത്രീ പ്രദേശത്ത്ചുറ്റിക്കറങ്ങിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.