കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകര്‍പ്പിനു ക്രൈംബ്രാഞ്ചും വിജിലന്‍സും നല്‍കിയ ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലാണു സ്വപ്ന രഹസ്യമൊഴി നല്‍കിയത്. അതിനാല്‍ ഈ മൊഴിയും അനുബന്ധ സത്യവാങ്മൂലവും ലഭിക്കാനുള്ള നിയമപരമായ അവകാശം ഈ കേസ് അന്വേഷിക്കുന്ന ഇഡി ഓഫിസര്‍ക്കു മാത്രമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ജഡ്ജി ഹണി എം.വര്‍ഗീസ് ഹര്‍ജികള്‍ തള്ളിയത്. ഇഡി ഉദ്യോഗസ്ഥനു പകര്‍പ്പ് കൈമാറിയിരുന്നു.
വ്യാജ ആരോപണങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണു സ്വപ്ന രഹസ്യമൊഴി നല്‍കിയതെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിന്റെ അന്വേഷണത്തിനായാണ് അവര്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ അന്വേഷണത്തിനാണു വിജിലന്‍സ് പകര്‍പ്പു തേടിയത്.