മുംബൈ: ബിനോയി കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി. ഒത്തുതീര്‍പ്പു കരാറില്‍ പറയുന്നത് ഈ തുകയാണെങ്കിലും അതിലേറെ കൊടുത്തെന്നു സൂചനയുണ്ട്.
കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ എടുത്തുപറയുന്നില്ല. പണം നല്‍കിയ വിവരങ്ങള്‍ ബിനോയിയും ബോധിപ്പിച്ചു. തുടര്‍ന്ന്, ഇരുവരും ഒപ്പുവച്ച ഒത്തുതീര്‍പ്പുകരാര്‍ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീര്‍പ്പാക്കിയത്. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും ബന്ധത്തില്‍ എട്ടു വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുകയാണിവര്‍. കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി. വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹര്‍ജി നല്‍കിയപ്പോള്‍ ബോംബെ ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചു.
ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് ആയപ്പോള്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.