ബെംഗളൂരു: രാവും പകലുമില്ലാതെ, ഊണും ഉറക്കവും ഉപേക്ഷിച്ച് ഐഎസ്ആര്‍ഒ ഗവേഷകര്‍ നടത്തിയ പ്രയത്‌നം ഒടുവില്‍ ചന്ദ്രോപരിതലത്തില്‍ വിജയക്കൊടി പാറിച്ചിരിക്കുന്നു. ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ. ലോകശക്തികള്‍ക്കു മുന്നില്‍ ബഹിരാകാശ സാങ്കേതികതയ്ക്കു വേണ്ടി കന്നുകാലിയുമായി കാത്തുനില്‍ക്കുന്നതല്ല ഇനി ഇന്ത്യയുടെ പ്രതിച്ഛായ, മറിച്ച് യുഎസിനും ചൈനയ്ക്കും സോവിയറ്റ് യൂണിയനു പോലും സാധിക്കാത്ത നേട്ടം കൈവരിച്ച രാജ്യമാണ് ഇനി നമ്മുടെ ഭാരതം.
വൈകിട്ട് 6.03 നായിരുന്നു ചരിത്രം കുറിച്ച് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയത്. ഇന്നേവരെ ഒരു പേടകത്തിനും സോഫ്റ്റ്ലാന്‍ഡിങ് നടത്താന്‍ സാധിക്കാത്തത്ര അപകടകരമായ മേഖലയിലാണ് ഇന്ത്യ കരുത്തോടെ കാല്‍ കുത്തിയത്. ലാന്‍ഡിങ്ങിനു പിന്നാലെ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒയുടെ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിനു കീഴിലെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലേക്ക് ലാന്‍ഡറില്‍നിന്നുള്ള സിഗ്‌നല്‍ എത്തി. ദൗത്യത്തിന് നേതൃത്വം നല്‍കിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ഉള്‍പ്പെടെയുള്ള ഗവേഷകര്‍ ആഹ്ലാദാരവങ്ങളോടെ കയ്യടിച്ചു, പരസ്പരം കെട്ടിപ്പിടിച്ചു, പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. 140 കോടി ഇന്ത്യന്‍ ജനതയുടെ നെഞ്ചില്‍ അഭിമാനത്തോടെ ചന്ദ്രബിംബം തിളങ്ങി നിന്നു.