ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതികമേഖലയ്ക്കു കീര്‍ത്തിയുടെ അനശ്വരമുദ്ര ചാര്‍ത്തുന്നതിനുള്ള ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ (ഇസ്റോ) സ്ഥിരീകരിച്ചു. ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി ഇസ്റോ വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.
പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്ജിന് 29 മിനിറ്റ് ജ്വലിപ്പിച്ചാണ് ചന്ദ്രയാന്‍ 3ന്റെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കിയത്. ഇനി ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി പേടകത്തെ ചന്ദ്രോപരിതലത്തോട് അടുപ്പിക്കും. ഞായറാഴ്ച രാത്രി 11നാണ് ആദ്യ ഭ്രമണപഥം താഴ്ത്തല്‍. ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും പേടകം ഇതിനകം പിന്നിട്ടു കഴിഞ്ഞു.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3, 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. തുടര്‍ന്ന് ഓഗസ്റ്റ് 23നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലൂടെ സഞ്ചരിച്ചാണ് ചന്ദ്രയാന്‍ 3 ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നത്.