മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പ് : ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഒരേസമയം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

2 second read
0
0

കൊച്ചി: പുരാവസ്തുക്കളുടെ മറവില്‍ മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഒരേസമയം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മോന്‍സന്റെ കള്ളപ്പണമിടപാടുകള്‍ ഇ.ഡി. അന്വേഷിക്കുമ്പോള്‍ മറ്റുകാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ഐ.ജി. അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണമുള്ള കേസാണിത്. മോന്‍സന്റെ ബന്ധങ്ങളെ ലാഘവത്തോടെ കാണാനാകില്ല. ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ഇടപാടുകളൊക്കെ അന്വേഷിക്കണം.

മോന്‍സണ്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും അന്വേഷിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി.എ. ഷാജി അറിയിച്ചു. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടാല്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

കേസില്‍ വിശദീകണത്തിന് ഇ.ഡി. സമയം തേടി. അന്വേഷണ പുരോഗതിയെ സംബന്ധിച്ച റിപ്പോര്‍ട്ട് ഫയല്‍ചെയ്യുമെന്ന് ഇ.ഡി.ക്കായി ഹാജരായ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ജയശങ്കര്‍ വി. നായര്‍ അറിയിച്ചു.

മോന്‍സനുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത ഐ.ജി. ലക്ഷ്മണയെ കേസില്‍ പ്രതിയാക്കിയോയെന്നും കോടതി ആരാഞ്ഞു. പരാതിയില്ലാത്തതിനാല്‍ പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വകുപ്പുതല നടപടി ഉണ്ടാകുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് വിശദീകരിച്ചു.

മോന്‍സന്റെ മുന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു.

പോലീസ് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. 23-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

പോക്‌സോ കേസില്‍ മോന്‍സനെതിരേ കുറ്റപത്രം

മോന്‍സന്റെ പേരിലുള്ള പോക്‌സോ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. എറണാകുളം പോക്‌സോ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് 59-ാം ദിവസമാണ് 270 പേജുള്ള കുറ്റപത്രം നല്‍കിയത്.

മോന്‍സന്റെ മുന്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2019-ലാണ് കേസിനാസ്പദമായ സംഭവം.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…