ന്യൂഡല്‍ഹി: തിഹാര്‍ ജയില്‍ മുറിയില്‍ കിടന്ന് സുകാഷ് ചന്ദ്രശേഖര്‍ എന്ന മുപ്പത്തിരണ്ടുകാരന്‍ എങ്ങനെയാണ് 200 കോടി രൂപയുടെ തട്ടിപ്പു നടത്തിയത്? ഈ പണം എന്തു ചെയ്തു? സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗവും (ഇക്കണോമിക് ഒഫന്‍സ് വിങ്) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വലഞ്ഞത് ഈ ചോദ്യങ്ങളിലാണ്. എന്നാല്‍ 4 മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഇതിനെല്ലാം ഉത്തരം നല്‍കുന്നുണ്ട് പൊലീസും ഇഡിയും പട്യാല ഹൗസിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍.
സുകാഷിന്റെ പങ്കാളി ലീന മരിയ പോള്‍ ഒരു മലയാളം വെബ് സീരിസിനു ഫണ്ട് ചെയ്തതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നതും ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ ഒട്ടേറെക്കഥകള്‍ ഇനിയും പുറത്തെത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.
200 കോടി രൂപ തട്ടിച്ചുവെന്നു കാട്ടി ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അഥിതി സിങ് നല്‍കിയ പരാതിയിലാണു ഡല്‍ഹി പൊലീസ് ഓഗസ്റ്റില്‍ സുകാഷിനെ അറസ്റ്റ് ചെയ്യുന്നത്. തട്ടിപ്പിന്റെ ഭാഗമായെന്ന് കണ്ടെത്തിയതോടെ ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും വൈകാതെ അറസ്റ്റ് ചെയ്തു. ശിവിന്ദറിന്റെ സഹോദരന്‍ മല്‍വീന്ദറിന്റെ ഭാര്യ ജാപ്ന സിങ്ങും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തട്ടിപ്പു നടന്ന വിവരം ഇവര്‍ അറിഞ്ഞതുതന്നെ മാധ്യമങ്ങളിലെ വാര്‍ത്തയ്ക്കു പിന്നാലെയാണ്. 2020 ജൂണ്‍ മുതല്‍ നടന്ന ഇടപാടും തട്ടിപ്പുമാണ് 2021 ഓഗസ്റ്റില്‍ പുറത്തുവന്നത്.
2020 ജൂണ്‍ 15നാണു നിയമ സെക്രട്ടറിയെന്നു പരിചയപ്പെടുത്തിയയാളുടെ ഫോണ്‍ സന്ദേശം തനിക്കു ലഭിച്ചതെന്നു അഥിതി സിങ് തന്റെ പരാതിയില്‍ പറയുന്നു. ‘ഒരു ലാന്‍ഡ് നമ്പരില്‍ നിന്നാണ് (011-233***) ലോ സെക്രട്ടറി എന്നു പരിചയപ്പെടുത്തിയയാള്‍ വിളിച്ചത്. ഇയാള്‍ വീണ്ടും വിളിച്ചപ്പോള്‍ ട്രൂ കോളര്‍ ആപ്ലിക്കേഷന്‍ വഴി നമ്പര്‍ പരിശോധിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് എന്നാണ് ഇതില്‍ കാട്ടിയത്.
പിന്നീട് ഇവര്‍ പലതവണ ഫോണില്‍ ബന്ധപ്പെടുകയും പാര്‍ട്ടി ഫണ്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബാലിക്ക് സഹായം നല്‍കാനുള്ള പദ്ധതികള്‍ക്കു ഫണ്ട് ഉപയോഗിക്കുമെന്നായിരുന്നു വെളിപ്പെടുത്തല്‍. തുടര്‍ന്നു മറ്റൊരാളുടെ ഫോണ്‍ നമ്പര്‍ നല്‍കി. ഇയാളും സഹായം വാഗ്ദാനം ചെയ്യുകയും പല കോര്‍പറേറ്റുകളും തങ്ങളുടെ സംരക്ഷണത്തിലാണെന്നു അറിയിക്കുകയും ചെയ്തു’ അഥിതി സിങ് പരാതിയില്‍ പറയുന്നു.
മല്‍വിന്ദറിന്റെ ഭാര്യ ജപ്ന സിങ് 3.5 കോടി രൂപയാണു ജുലൈ 28, 29, 30, ഓഗസ്റ്റ് 6 തീയതികളിലായി ഇവര്‍ക്കു കൈമാറിയത്. ഹോങ്കോങ്ങിലെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതിന്റെ രേഖകള്‍ പൊലീസിനു സമര്‍പ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7നാണ് അഥിതി സിങ് ഡല്‍ഹി പൊലീസില്‍ ആദ്യം പരാതി നല്‍കിയത്. റെലിഗെയര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡ് (ആര്‍എഫ്എല്‍) പ്രമോട്ടര്‍മാരായിരിക്കെ സ്ഥാപനത്തില്‍നിന്നു വായ്പയെടുത്ത് അവരുടെ മറ്റു കമ്പനികളില്‍ നിക്ഷേപിച്ച് കമ്പനിക്കു 2397 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റ വിഭാഗം(ഇഒഡബ്ലിയു) 2019ലാണു മല്‍വിന്ദറിനെയും ശിവിന്ദറിനെയും അറസ്റ്റ് ചെയ്യുന്നത്.