കോവിഡ് പരിശോധന കര്‍ശനമാക്കി: സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ തിരിച്ചയച്ച് കര്‍ണാടക

1 second read
0
0

ബെംഗളൂരു: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക കോവിഡ് പരിശോധന കര്‍ശനമാക്കി. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരുമായി തൃശൂരില്‍ നിന്നു മൈസൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മുത്തങ്ങയ്ക്കു സമീപം ബന്ദിപുര്‍ മൂലെഹോളെ ചെക്‌പോസ്റ്റില്‍ തടഞ്ഞ് തിരിച്ചുവിട്ടു. 37 യാത്രക്കാരുണ്ടായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലെ 11 പേര്‍ക്കു മാത്രമേ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നുള്ളൂ.തുടര്‍യാത്രാ അനുമതി നല്‍കാനാവില്ലെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ അര മണിക്കൂറോളം ബസ് അതിര്‍ത്തിയില്‍ കിടക്കുകയും പിന്നീട് തിരികെ ബത്തേരി ഡിപ്പോയിലെത്തിക്കുകയും ചെയ്തു.
യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കി. മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകാനിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് നാടുകളിലേക്കു തിരികെ പോകേണ്ടി വന്നു. സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നവരെ പിന്നീട് പുറപ്പെട്ട ബെംഗളൂരു ബസില്‍ കയറ്റി വിട്ടു.

മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകുന്നതിന് അതിര്‍ത്തിയിലെത്തിയ നൂറിലധികം സ്വകാര്യ വാഹനങ്ങളും തിരിച്ചയച്ചു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നതാണ് കാരണം അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഇന്നലെ മുതല്‍ രാത്രിയിലും പരിശോധന കര്‍ശനമാക്കി. ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്നലെ മുതല്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഈ മാസം 12നു ശേഷം കേരളത്തില്‍ നിന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയ വിദ്യാര്‍ഥികളെ നിര്‍ബന്ധിത ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. നിലവില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുമായി വരുന്നവര്‍ക്ക് 7 ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തും.

 

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘പുലിറ്റ്‌സര്‍ ബുക്‌സ്’ വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്

കൊല്ലം: 2024ലെ പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്റെ ആല്‍ബ…