തിരുവനന്തപുരം: കേരളത്തിലേക്കു നിക്ഷേപം കൊണ്ടുവരുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം തെലങ്കാനയിലെ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തും. ഇന്നു വൈകുന്നേരം 5 മണിക്ക് ഹൈദരാബാദിലാണ് ചര്‍ച്ച.
സിഐഐ, ക്രെഡായി, ഐടി മേഖലയിലെയും ഫാര്‍മ ഇന്‍ഡസ്ട്രിയിലെയും കമ്പനികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേരളത്തിന്റെ വിവിധ മേഖലകളിലെ വ്യവസായ അന്തരീക്ഷവും സാധ്യതകളും കേരളം ചര്‍ച്ചയില്‍ വിശദീകരിക്കും.
വ്യവസായ മേഖലയിലെ നിയമപരിഷ്‌കരണങ്ങള്‍, ഡിജിറ്റല്‍വല്‍ക്കരണം, നടപടി ക്രമങ്ങളിലെ ലളിതവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളും വ്യവസായ പ്രമുഖര്‍ക്കു മുന്നില്‍ അവതരിപ്പിക്കും.
കേരളത്തിലെ നിക്ഷേപ പദ്ധതികളില്‍നിന്ന് പിന്‍വാങ്ങിയ കിറ്റെക്‌സ് തെലങ്കാനയില്‍ നിക്ഷേപം നടത്തുമെന്നു നേരത്തേ അറിയിച്ചിരുന്നു. 1000 കോടിയുടെ പ്രാരംഭ നിക്ഷേപമാണ് തെലങ്കാനയില്‍ കിറ്റെക്‌സ് നടത്തുന്നത്. കിറ്റെക്‌സ് സംഘത്തെ തെലങ്കാനയിലേക്കു ക്ഷണിച്ചുവരുത്തി തെലങ്കാന സര്‍ക്കാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തെലങ്കാനയിലെ കമ്പനികളുമായി കേരളം ചര്‍ച്ച നടത്തുന്നത്.