തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ മാത്രം സ്വീകരിക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അനാവശ്യ തിടുക്കം പാടില്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കലക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിര്‍ദേശം. തുടര്‍നടപടി നിശ്ചയിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകള്‍, വസ്തുവകകള്‍ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. നിരോധിത സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന മാര്‍ഗങ്ങള്‍ തടയുന്നതിനും ജില്ലാ പൊലീസ് മേധാവിമാര്‍ നടപടിയെടുക്കും. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൈമാറിയ അധികാരം ജില്ലാ പൊലീസ് മേധാവിമാര്‍ വിനിയോഗിക്കും. ജില്ലാ മജിസ്‌ട്രേട്ടുമാരുമായി ചേര്‍ന്നായിരിക്കും ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ തുടര്‍നടപടി സ്വീകരിക്കുക.
ഈ നടപടികള്‍ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡിഐജിമാരും നിരീക്ഷിക്കും. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ എഡിജിപിമാരും ഐജിമാരും ഡിഐജിമാരും എല്ലാ ജില്ലാ പൊലീസ് മേധാവിമാരും പങ്കെടുത്തു.
അതിനിടെ, പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയുണ്ടായ അക്രമ സംഭവങ്ങളിലുണ്ടായി ബന്ധപ്പെട്ട് സംഭവിച്ച നഷ്ടങ്ങള്‍ക്കു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവെച്ചില്ലെങ്കില്‍ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകാം. ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ പ്രതിചേര്‍ക്കാനും കോടതി ഉത്തരവിട്ടു.
ഹര്‍ത്താല്‍ ദിന ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇടുക്കി നെടുങ്കണ്ടത്ത് ഇന്നലെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മലപ്പുറത്ത് പ്രകടനം നടത്തിയവര്‍ക്കെതിരെ യുഎപിഎയും ചുമത്തി.