ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ചൈനീസ് പട്ടാളത്തെ ശക്തമായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ. സേനാ ദിനത്തിനു മുന്നോടിയായി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവു വരുത്താന്‍ ചൈനയുമായി ചര്‍ച്ച നടത്തുമ്പോഴും ഏറ്റുമുട്ടലിനുള്ള സന്നാഹങ്ങളൊരുക്കലും തുടരുന്നുണ്ട്. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനവും നടക്കുന്നുണ്ട്. ഏതു വെല്ലുവിളിയും നേരിടാന്‍ സേന സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ നാലിനുണ്ടായ നാഗാലാന്‍ഡ് വെടിവെപ്പിനെക്കുറിച്ചുള്ള സൈന്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നരവണെ അറിയിച്ചു.