ആലപ്പുഴ:മൂന്നു ജില്ലകളില്‍ക്കൂടി സിറ്റി ഗ്യാസ് നല്കാന് കരാറായതോടെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും പ്രകൃതിവാതകം എത്താന്‍ സാധ്യതയൊരുങ്ങി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സിറ്റി ഗ്യാസ് വിതരണത്തിന് ഷോള ഗ്യാസ്കോ ലിമിറ്റഡിന് പി.എന്‍.ജി.ആര്.ബി. (പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ്) അനുമതി നല്കി.
എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഐ.ഒ.സി.-അദാനി കണ്‍സോര്‍ഷ്യവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എ.ജി. ആന്‍ഡ് പി. (അറ്റ്ലാന്റിക്, ഗള്‍ഫ് ആന്‍ഡ് പസിഫിക് കമ്പനി)യുമാണ് സിറ്റി ഗ്യാസ് വിതരണച്ചുമതലക്കാര്‍. ബാക്കിവന്ന മൂന്നു ജില്ലകളിലേക്കാണു കഴിഞ്ഞദിവസം കരാര്‍ നല്‍കിയത്. വീടുകളില്‍ പാചകത്തിനു പ്രകൃതിവാതകം എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ഇതിനൊപ്പം പമ്പുകളില്‍ ഇന്ധനമായും നല്‍കും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും സംസ്ഥാനത്ത് സിറ്റി ഗ്യാസ് പദ്ധതി വളരെപ്പതുക്കെയാണു നീങ്ങുന്നത്. പ്രാദേശികതലത്തിലെ അനുമതികളും തദ്ദേശസ്ഥാപനങ്ങളുമായുള്ള തര്‍ക്കങ്ങളുമാണു പ്രധാന തടസ്സം. കളമശ്ശേരി നഗരസഭയില്‍ മാത്രമാണു കുറേ വീടുകളില്‍ പ്രകൃതിവാതകം എത്തിയിട്ടുള്ളത്. സാഹചര്യങ്ങള്‍ അനുകൂലമായെന്നും എറണാകുളം നഗരത്തിലും വടക്കന്‍ ജില്ലകളിലും പൈപ്പിടല്‍ വേഗത്തില്‍ നടക്കുകയാണെന്നും ഐ.ഒ.സി.-അദാനി കണ്‍സോര്‍ഷ്യം അസറ്റ് ഹെഡ് അജയ് പിള്ള പറഞ്ഞു. എറണാകുളത്തുമാത്രം 11 സി.എന്‍.ജി. പമ്പുകള്‍ തുറന്നിട്ടുണ്ട്.
തെക്കന്‍ജില്ലകളിലും പൈപ്പിടലിനുള്ള നടപടികള്‍ പൂര്‍ത്തിയാകുകയാണ്. ഇതു തീരാന്‍ സമയമെടുക്കുമെന്നതിനാല്‍ വലിയ ടാങ്കുകളില്‍ (എല്‍.സി.എന്‍.ജി.) ശേഖരിച്ച് സമീപപ്രദേശങ്ങളില്‍ ഗ്യാസ് നല്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ചേര്‍ത്തലയിലെയും തിരുവനന്തപുരത്തെയും എല്‍.സി.എന്‍.ജി.യുടെ ജോലികള്‍ ജൂണില്‍ പൂര്‍ത്തിയാകുമെന്ന് എ.ജി. ആന്‍ഡ് പി. വൈസ് പ്രസിഡന്റും റീജണല്‍ ഹെഡ്ഡുമായ രഞ്ജിത്ത് രാമചന്ദ്രന് പറഞ്ഞു. ചേര്‍ത്തല, വയലാര്‍ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ വീടുകളില്‍ വാതകമെത്തുക. തിരുവനന്തപുരത്തും ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ പൈപ്പിടുന്നതിന്റെ നടപടികളും വേഗത്തില്‍ നടക്കുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ മാര്‍ച്ചോടെ 23 സി.എന്‍.ജി. പമ്പുകള്‍ പൂര്‍ത്തിയാകും. ഇപ്പോള്‍ ആറെണ്ണമാണുള്ളത്.