കോട്ടയം: ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയത്ത് കെജിഒഎ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതൊക്കെ കണ്ട് അങ്ങ് ഇളകിക്കളയും എന്നു വിചാരിച്ചാല്‍ അതിനു വേറെ ആളെ നോക്കണം. ജനങ്ങളെ പൂര്‍ണ വിശ്വാസമുണ്ട്. നാടിന്റെ സംസ്കാരത്തിന് എതിരായി ലൈസന്‍സില്ലാതെ എന്തും പറയാമെന്നു വച്ചാല്‍ നടക്കില്ലെന്നു കഴിഞ്ഞ ദിവസങ്ങളിലെ നടപടികള്‍ വഴി മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും പറയാമെന്ന അവസ്ഥയാണ് രാജ്യത്ത്. വിരട്ടാമെന്ന് വിചാരമുണ്ടെങ്കില്‍ അത് ഇങ്ങോട്ടു വേണ്ട.
2021ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്ര ഏജന്‍സികളും ഇവിടെ ഭരണം കിട്ടുമെന്നു പ്രതീക്ഷിച്ചവരും ഒന്നിച്ചിറങ്ങി. അമ്മാതിരി കഥകളാണ് പ്രചരിപ്പിച്ചത്. അതു പ്രചരിപ്പിക്കാന്‍ നല്ലൊരു ഭാഗം പത്ര, ദൃശ്യമാധ്യമങ്ങള്‍ ഒപ്പം നിന്നു. എല്‍ഡിഎഫ് തീര്‍ന്നു എന്നാണ് പ്രചരിപ്പിച്ചവര്‍ കരുതിയത്. കടലാസും പേനയും എടുത്ത് അടുത്ത മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടികയുമായി ഇറങ്ങി. ഇത് ആരോടാണ് പറഞ്ഞത്. കേരളത്തിലെ ജനങ്ങളോട്. എല്ലാ ഘട്ടവും പിന്നിട്ടു വന്ന ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി നിന്നു. മെച്ചപ്പെട്ട തുടര്‍ഭരണമായിരുന്നു നാടിന്റെ ആവശ്യം. രാജ്യ താല്പര്യത്തിന് എതിരായ ഒന്നിനു മുന്നിലും കീഴടങ്ങില്ല.
ചില മാധ്യമങ്ങള്‍ എടുത്ത് നോക്കിയാല്‍ എത്ര ശതമാനമാണ് ചില പ്രത്യേക വാര്‍ത്തകള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. ജനങ്ങളെ ആകെ മായാവലയത്തിലാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ വലിയ പുച്ഛത്തോടെ നോക്കുന്ന അവസ്ഥയുണ്ടാക്കാം എന്നാണ് ചിന്ത. സാധാരണ ഗതിയിലുണ്ടാകേണ്ട വിശ്വാസ്യതയ്ക്ക് ചേരുന്നതാണോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. അത് തിരുത്താന്‍ ആരും വരില്ല. സ്വയം തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.