ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി. ശ്രീറാമിനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചു. പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ മൈലവരപ്പാണ് പുതിയ ആലപ്പുഴ കലക്ടര്‍.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തു നടന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി സര്‍ക്കാര്‍ നിയമിച്ചത്.
ആലപ്പുഴ കലക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തേക്കും മാറ്റിയിരുന്നു. എന്നാല്‍ ആലപ്പുഴയുടെ 54ാം കലക്ടറായി ചുമതലയേല്‍ക്കാന്‍ എത്തിയതു മുതല്‍ ശ്രീറാമിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ശ്രീറാം ചുമതലയേല്‍ക്കാന്‍ എത്തിയ അന്നു തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
എറണാകുളം സ്വദേശിയായ ശ്രീറാം, 2013 ഐഎഎസ് ബാച്ചില്‍പെട്ടയാളാണ്. മുന്‍പ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായും തിരുവല്ല, ദേവികുളം സബ് കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.