കോണ്‍ഗ്രസിലെ മൂപ്പിളമത്തര്‍ക്കം ഭരണപക്ഷത്തിന് ആയുധമാകുന്നു

3 second read
0
0

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മൂപ്പിളമത്തര്‍ക്കം ഭരണപക്ഷത്തിന് ആയുധമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെയും വേര്‍തിരിച്ചുകണ്ട് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ഭരണപക്ഷം ശ്രമിക്കുന്നതിനിടെയാണ് പ്രതിപക്ഷത്ത് തര്‍ക്കം മുറുകുന്നത്. നിയമസഭയില്‍ നയപ്രഖ്യാപന-ബജറ്റ് സമ്മേളനത്തിലും ഭരണപക്ഷത്തിന്റെ പ്രധാന ആയുധം പ്രതിപക്ഷത്തെ അനൈക്യമായിരിക്കും.

പ്രതിപക്ഷത്തെ ആധികാരികശബ്ദം ആരുടേത് എന്നതാണ് തര്‍ക്കത്തിലൂടെ ഉയരുന്ന ചോദ്യം. ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല ടീമില്‍നിന്ന് കെ. സുധാകരന്‍-വി.ഡി. സതീശന്‍ സംഘത്തിലേക്ക് നേതൃസ്ഥാനങ്ങള്‍ കൈമാറിയതിനെത്തുടര്‍ന്നാണ് തര്‍ക്കം.

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപവത്കരിച്ച് സംഘടനാതലത്തിലും നിയമസഭയിലും പോര്‍മുഖം തുറന്ന് സുധാകരന്‍-സതീശന്‍ സംഘം ചലനം സൃഷ്ടിച്ചു. ഉമ്മന്‍ചാണ്ടിയാകട്ടെ പ്രതികരണം അത്യാവശ്യമുള്ളിടത്ത് മാത്രമായി ഒതുക്കി. സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതില്‍ രമേശ് ചെന്നിത്തല പിന്നാക്കംപോയില്ല. എന്നാല്‍, ചെന്നിത്തലയുടെ ‘എടുത്തുചാട്ട’ങ്ങള്‍ പ്രതിപക്ഷ നേതൃത്വത്തെ മറികടന്നുകൊണ്ടാണെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ഒരു ഭാഗത്തുണ്ട്. പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് നീക്കങ്ങള്‍ നടത്തിയതെന്നാണ് വിമര്‍ശനം.

പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായാണ് രമേശിന്റെ നീക്കങ്ങളെ ഈ വിഭാഗം വിലയിരുത്തുന്നത്. നിരാകരണപ്രമേയം സംബന്ധിച്ച് ചെന്നിത്തല പറഞ്ഞത് ഇതില്‍ അവസാന ഉദാഹരണമായിരുന്നു. ‘രമേശിനെതിരേ നേതൃത്വം’ എന്നനിലയ്ക്ക് വാര്‍ത്തകള്‍ വന്നതോടെ കെ. സുധാകരന്‍ ഇടപെട്ട് ഇത് നിഷേധിച്ചു. ഔദ്യോഗികമായി വാര്‍ത്തകള്‍ തള്ളിയെങ്കിലും ഉന്നത നേതൃനിരയിലുണ്ടായ വിള്ളല്‍ നീറിനില്‍ക്കുകയാണ്.

പൊതുരംഗത്തുനില്‍ക്കുന്ന താന്‍ സമാനപ്രശ്‌നങ്ങള്‍ ഇനിയും ഉയര്‍ത്തിക്കൊണ്ടുവരുമെന്നു പറഞ്ഞ് ചെന്നിത്തല തന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു. സുധാകരനില്‍നിന്ന് തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നു പറഞ്ഞ് ചെന്നിത്തല അദ്ദേഹവുമായുണ്ടായ അകല്‍ച്ച ഇല്ലാതാക്കി ബന്ധം വിളക്കിച്ചേര്‍ത്തുവരുകയാണെന്നാണ് സൂചന.

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മുറുകുന്നത് പുനഃസംഘടനയെയും ബാധിക്കും. ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരുടെ പുനഃസംഘടന നടത്താന്‍ ഹൈക്കമാന്‍ഡിന്റെ അനുമതിയുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ച നടന്നുവരുകയാണെങ്കിലും ഒരടി മുന്നോട്ടെങ്കില്‍ രണ്ടടി പിന്നോട്ട് എന്ന മട്ടില്‍ ചര്‍ച്ച നീണ്ടുപോകുകയാണ്. സംഘടനാ തിരഞ്ഞെടുപ്പിനുമുമ്പ് പുനഃസംഘടന നടത്താനുള്ള ശ്രമമാണ് നേതൃത്വം നടത്തുന്നത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…