ഇലവുംതിട്ട: യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ പട്ടിയെ വിട്ട് കടിപ്പിക്കാനും മര്‍ദ്ദിക്കാനും ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനും അമ്മയ്ക്കും എതിരേ പോലീസ് കേസെടുത്തു. നെടിയകാല രവി നിവാസില്‍ അശോകന്‍ രവീന്ദ്രന്‍, മാതാവ് മീനാക്ഷി എന്നിവര്‍ക്കെതിരെയാണ് കേസ്. മുടവനാല്‍ വീട്ടില്‍ ആര്യ രമേശാണ് പരാതിക്കാരി.
ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസ് മെഴുവേലി മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ ആര്യയുടെ വീടു പണി നടക്കുന്ന സ്ഥലത്തേക്കുള്ള വഴി അയല്‍വാസിയായ അശോകന്‍, മീനാക്ഷി എന്നിവര്‍ കരിങ്കല്ലുകള്‍ വച്ച് തടസ്സപ്പെടുത്തി. കല്ലുകള്‍ നീക്കം ചെയ്യാന്‍ എത്തിയ ആര്യയെ പ്രതികള്‍ മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് കൂട്ടില്‍ കിടന്ന രണ്ട് പട്ടികളെ അഴിച്ചു കൊണ്ടു വന്നു കടിപ്പിക്കാനും നോക്കിയെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം പ്രതി പരാതിക്കാരിയുടെ ആര്യയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്നു പോയ യുവതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു.
നേരത്തേ തന്നെ ഇരുകൂട്ടരും തമ്മില്‍ വഴിത്തര്‍ക്കമുണ്ട്. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരാതിക്കാരിയേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തിയതിന് പ്രവാസിയായ ഒന്നാം പ്രതിക്കെതിരെ നേരത്തേ പോലീസ് കേസെടുത്തിട്ടുണ്ട്.