പത്തനംതിട്ട: ഇത് മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ ധാര്‍ഷ്ട്യത്തിനും പിടിവാശിക്കുമെതിരേ ഒരു സാദാ കോണ്‍ഗ്രസുകാരന്റെ പ്രതികാരം. സാമുദായിക സമവാക്യങ്ങള്‍ മറി കടന്ന് തന്റെ വിശ്വസ്തന് വേണ്ടി വഴിവിട്ട് പ്രവര്‍ത്തിച്ച പിജെ കുര്യന് സ്വന്തം ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണം കൈവിട്ടു പോകുന്നത് കണ്ടു നില്‍ക്കേണ്ട ഗതികേടാണ്. അതും സ്വന്തം പാര്ട്ടിക്കാരന് കൂറുമാറിയത് മൂലം.
കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതി അവിശ്വാസത്തിലൂടെ പുറത്തായി. കേരളാ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെയാകും അട്ടിമറി എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, നടന്നത് മറിച്ചാണ്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുള്ള ഉണ്ണി പ്ലാച്ചേരിയാണ് മറുകണ്ടം ചാടിയത്. ഇതോടെ രാവിലെ പ്രസിഡന്റും ഉച്ച കഴിഞ്ഞ് വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്തായി. പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, വൈസ് പ്രസിഡന്റ് ലാലു തോമസ് എന്നിവരാണ് പുറത്തു പോയത്.
13 അംഗ ഭരണ സമിതിയില്‍ യുഡിഎഫ്- ഏഴ്, എല്‍ഡിഎഫ്-ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്ലാങ്കമണ്‍ ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് ഉണ്ണി പ്ലാച്ചേരി. യുഡിഎഫിലെ മറ്റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
മുന്‍ എഐസിസി അംഗവും ഡിസിസി പ്രസിഡന്റുമൊക്കെയായിരുന്ന പീലിപ്പോസ് തോമസിന്റെ നേതൃത്വത്തിലാണ് അട്ടിമറി നടന്നത്. പിജെ കുര്യനേക്കാള്‍ രാഷ്ട്രീയ നയതന്ത്രജ്ഞത ഏറെയുള്ള പീലിപ്പോസ് തോമസിന്റെ കരുനീക്കം തന്നെ സിപിഎം ജില്ലാ കമ്മറ്റിയില്‍ എത്തിച്ചതിനുള്ള പ്രത്യുപകാരം കൂടിയായി. സിപിഎം ഇരവിപേരൂര്‍ ഏരിയ സെക്രട്ടറി കൂടിയാണ് പീലിപ്പോസ് തോമസ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിആര്‍ മുരളീധരന് നായര്‍ വരണാധികാരിയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ശോശാമ്മ ജോസഫ്, കെ. കെ. വത്സല, സൂസന് ഫിലിപ്പ് എന്നിവരാണ് എല്‍ഡിഎഫില്‍
നിന്നുള്ള വനിതാ അംഗങ്ങള്‍.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തും യുഡിഎഫ് അംഗമായിരുന്ന പ്രസിഡന്റ് നിര്‍മല മാത്യൂസിനെ അവിശ്വാസത്തിലൂടെ എല്‍ഡിഎഫ് പുറത്താക്കിയിരുന്നു. അന്ന് കേരള കോണ്‍ഗ്രസ് അംഗമായിരുന്ന സൂസന് ജോര്‍ജിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്കി പിന്തുണ നേടിയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്.
യുഡിഎഫ് പക്ഷത്ത് ആകെയുള്ള ഏഴംഗങ്ങളില്‍ ആറും ക്രൈസ്തവരാണ്. ഉണ്ണി പ്ലാച്ചേരി ഈഴവ സമുദായാംഗവും. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ആ സ്ഥിതിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ഈഴവനായ ഉണ്ണിക്ക് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആവശ്യം ഉയര്‍ന്നിരുന്നു.
എന്നാല്‍, തന്റെ വിശ്വസ്തനായ ലാലു തോമസിന് വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് കുര്യന് വാശി പിടിക്കുകയായിരുന്നു. അന്നു മുതല്‍ ഉണ്ണി പ്ലാച്ചേരി അസംതൃപ്തനായിരുന്നു. കോയിപ്രം ബ്ലോക്കില്‍ ഭരണം പിടിക്കുന്നതിനായി ആദ്യം കേരളാ കോണ്‍ഗ്രസിന്റെ വനിതാ അംഗത്തെയാണ് ചാക്കിട്ടു പിടിച്ചത്. എന്നാല്‍, ഇത് നടക്കാതെ വന്നപ്പോഴാണ് ഉണ്ണിയെ പീലിപ്പോസ് തോമസിന്റെ നേതൃത്വത്തില്‍ സമീപിച്ചത്. കോണ്‍ഗ്രസുകാരോട് പക വീട്ടാന്‍ കാത്തിരുന്ന ഉണ്ണി താന്‍ അയോഗ്യനാക്കപ്പെട്ടേക്കാം എന്ന് അറിഞ്ഞു കൊണ്ടു തന്നെ വിപ്പ് ലംഘിക്കുകയായിരുന്നു.