തിരുവനന്തപുരം: പ്രവര്‍ത്തന ഫണ്ട് പിരിവിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ പോര്. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 137 രൂപ ചലഞ്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്. ഡിസംബര്‍ 28ന് തുടങ്ങി റിപ്പബ്ലിക് ദിനത്തില്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ചലഞ്ച് പദ്ധതി ലക്ഷ്യം കാണാത്തതിനാല്‍ ദണ്ഡിയാത്രയുടെ വാര്‍ഷിക ദിനമായ മാര്‍ച്ച് 12ലേക്കും പിന്നീട് എപ്രില്‍ 30 വരെയും ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. 137 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയി പണമടയ്ക്കണമെന്നാണ് കെ.പി.സി.സി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ വേണ്ടത്ര ആസൂത്രണമില്ലാതെ പോയതോടെ പദ്ധതി താഴേത്തട്ടിലെത്താതെ പാളി. ഇതിന് പിന്നാലെ ഫണ്ട് തട്ടിപ്പ് ആരോപണം ഉയര്‍ത്തി ഒരുവിഭാഗം വിമര്‍ശനമുന്നയിച്ചതോടെ ഫണ്ട് പിരിവ് കെ.പി.സി.സിക്ക് തലവേദനയായി.
ഫണ്ട് പിരിക്കാന്‍ ബാങ്ക് അക്കൗണ്ടിന് ക്യൂആര്‍ കോഡും നല്‍കിയെങ്കിലും നേതാക്കള്‍ പണമടച്ചതല്ലാതെ താഴേത്തട്ടിലേക്ക് പദ്ധതി വ്യാപിച്ചില്ല. ഇതിനെ തുടര്‍ന്നാണ് 137 രൂപ ചലഞ്ച് എപ്രില്‍ 30 വരെ നീട്ടിയത്. 50 കോടി പിരിക്കാന്‍ ആണ് കെപിസിസി ആലോചിച്ചത്. എന്നാല്‍ ഇതുവരെ എത്രരൂപ പിരിഞ്ഞുകിട്ടിയെന്ന് നേതൃത്വത്തിന് കൃത്യമായ ധാരണയില്ല. എത്രരൂപ കിട്ടിയെന്ന് കെ.പി.സി.സി പ്രസിഡന്റിന്റെ പക്കലും കണക്കില്ലെന്നതാണ് യാഥാര്‍ഥ്യം.
സാധാരണ ഫണ്ട് പിരിവ് കഴിഞ്ഞാല്‍ കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലും എക്‌സിക്യൂട്ടീവിലും കണക്കുകള്‍ അവതരിപ്പിക്കുകയാണ് പതിവ്. എന്നാല്‍ 137 രൂപ ചലഞ്ചിന്റെ കാര്യത്തില്‍ ഇതുവരെ അതുണ്ടായില്ല. വിഷയം ഗ്രൂപ്പ് നേതാക്കള്‍ വരുന്ന യോഗത്തില്‍ ഉന്നയിക്കാനൊരുങ്ങുകയാണ്. ഡിജിറ്റലായി പണമടയ്ക്കാനുള്ള സൗകര്യം ഒരുക്കിയതിന് പുറമെ കൂപ്പണുകളും അച്ചടിച്ച് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഡിജിറ്റലായി പിരിച്ച പണമൊക്കെ കെ.പി.സി.സിയുടെ അക്കൗണ്ടിലേക്കല്ല വന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.