തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന, ജില്ല, താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. വരുന്ന നാലു ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആയതിനാല്‍ പൊലീസും ഫയര്‍ ഫോഴ്‌സും ജാഗ്രത പാലിക്കണമെന്നു കലക്ടര്‍മാരുമായി നടത്തിയ യോഗത്തില്‍ റവന്യു മന്ത്രി നിര്‍ദേശിച്ചു.
ഓറഞ്ച് അലര്‍ട്ടുകള്‍ നിലനില്‍ക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനകളുടെ ഓരോ സംഘങ്ങളെ വിന്യസിച്ചു. ചാലക്കുടി പുഴയില്‍ ഇന്നലെ രാത്രി മുതല്‍ ജലനിരപ്പ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഒരു ടീം ചാലക്കുടിയിലേക്കു തിരിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന ജില്ലകളില്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധ സേന, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരെ തയാറാക്കി നിര്‍ത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള ഓറഞ്ച് ബുക്ക് 2021 ലെ എസ്ഒപി പ്രകാരം അതാതു വകുപ്പുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. കെഎസ്ഇബി, ജലസേചന വകുപ്പുകള്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മുന്‍കൂട്ടി മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രിയാത്രകള്‍ ആവശ്യമെങ്കില്‍ നിരോധിക്കുവാന്‍ ജില്ല ഭരണകൂടങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ ക്യാംപുകള്‍ തുറന്ന് കോവിഡ് മാനദണ്ഡം അനുസരിച്ചു പ്രവര്‍ത്തിപ്പിക്കണമെന്നും പ്രത്യേകം നിര്‍ദേശം നല്‍കി.
സംസ്ഥാന കണ്‍ട്രോള്‍ റൂം നമ്പര്‍: 1070, 1079 (ടോള്‍ ഫ്രീ നമ്പര്‍)